തിരുവനന്തപുരം: തന്‍റെ ഔദ്യോഗിക ഫോണ്‍ കോളുകളും ഇ-മെയിലുകളും ചോര്‍ത്തുന്നുവെന്ന പരാതി ഉന്നയിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കി. ഇന്നലെ രാത്രി പ്രത്യേക ദൂതന്‍ വഴിയാണ് ജേക്കബ് തോമസ് പരാതി നല്‍കിയത്. നിലവില്‍ ഡിജിപിയുടെ അനുമതിയോടെ ഐജി തലത്തിലുളള ഉദ്യോഗസ്ഥന്‍ ഒരാഴ്ച വരെ ആരുടെയും ഫോണ്‍ ചോര്‍ത്താനുളള അനുമതിയുണ്ട്. ഈ അനുമതി പിന്‍വലിക്കണമെന്നും ജേക്കബ് തോമസ് പരാതിയില്‍ ആവശ്യപ്പെടുന്നു. താൻ അറിയാതെ തന്‍റെ ഇമെയില്‍ ഹാക്ക് ചെയ്യുന്നതും ഫോണ്‍ ചോര്‍ത്തുന്നതും തന്‍റെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമായാണ് ജേക്കബ് തോമസ് കത്തില്‍ ആരോപിക്കുന്നത്. തനിക്കെതിരെ ഒരു ഗൂഡസംഘം പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നുളള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജേക്കബ് തോമസ് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രാജികത്ത് മന്ത്രിസഭായോഗം പരിഗണിച്ചിരുന്നില്ല.