കോഴിക്കോട്: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ഡല്‍ഹിയില്‍ ആര്‍എസ്‌എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ജേക്കബ് തോമസ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്രവേശം തന്നെയാണ് തന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍തന്നെ വെളിപ്പെടുത്തിയതാണെന്നും വി.ആര്‍.എസിന് അപേക്ഷിച്ചത് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍നിന്ന് മത്സരിക്കാനായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടന്നതിന്റെ പേരിലുള്ള അന്വേഷണത്തിലാണ് അദ്ദേഹത്തെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചതിനും ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.