ജഗനും അശ്വിനും മോഹം കമ്പ്യൂട്ടർ എൻജിനിയറാകാൻ

28

തിരുവനന്തപുരം : എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്കിനർഹനായ ജഗൻ എം. ജെയ്ക്കും പട്ടികവർഗ വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അശ്വിൻ സാം ജോസഫിനും മോഹം കമ്പ്യൂട്ടർ എൻജിനിയർ ജോലിയോട്. കൊട്ടാരക്കര, നീലേശ്വരം സായ്വിഹാറിൽ ബി. മോഹനന്റെയും ജയ സി. തങ്കത്തിന്റെയും മൂന്നാമത്തെ മകനാണ് ജഗൻ. സഹോദരൻ ജവഹർ എം.ജെ. എൻജിനിയറും സഹോദരി മായ എം.ജെ. എം.ബി.ബി.എസ്. വിദ്യാർത്ഥിനിയുമാണ്.

കേരള വാട്ടർ അതോറിറ്റിയിൽ സൂപ്രണ്ടിംഗ് എൻജിനിയറായിരുന്ന അച്ഛന്റെയും അമ്മയുടെയും അധ്യാപകരുടെയും പിന്തുണ തന്റെ വിജയത്തിന് മുതൽക്കൂട്ടായതായി ജഗൻ പറയുന്നു. ചങ്ങനാശ്ശേരി ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന ജഗൻ പ്ലസ് ടുവിന് 98 ശതമാനം വിജയമാണ് കരസ്ഥമാക്കിയത്. ജെ.ഇ.ഇ.യിൽ 99.4 പെർസന്റൈൽ വിജയവും നേടിയിട്ടുണ്ട്. എൻജിനിയറിംഗ് റാങ്ക് പട്ടികയിൽ 252 ആണ് ജഗന്റെ റാങ്ക്.

പട്ടിക വർഗ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ അശ്വിൻ കെ.എസ്.ഇ.ബിയിൽ അസിസ്റ്റന്റ് എൻജിനിയറായ കോട്ടയം മേലുകാവ്മറ്റം കുന്നുംപുറത്ത് ഹൗസിൽ സാം കെ.ജോസഫിന്റെയും ആനി സാമിന്റെയും മൂത്ത മകനാണ്. സഹോദരൻ ആൻഡ്രൂ ജോസഫ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ലോക്ഡൗൺ കാലയളവിൽ പോലും അധ്യാപകർ ഫോണിൽ വിളിച്ച് പിന്തുണ നൽകിയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലാണ് അശ്വിന്റെ പ്ലസ് ടു വിദ്യാഭ്യാസം.

92 ശതമാനം വിജയമാണ് പ്ലസ് ടുവിന് അശ്വിൻ കരസ്ഥമാക്കിയത്. എൻജിനിയറിംഗ് റാങ്ക് പട്ടികയിൽ 1236-ാം റാങ്കാണുള്ളത്. കമ്പ്യൂട്ടർ സയൻസിന് പ്രഥമ പരിഗണന നൽകുന്ന അശ്വിന്് ഇലക്ട്രിക്കലിനോടും താല്പര്യമുണ്ട്. ഇരുവരും ആദ്യ ശ്രമത്തിൽ തന്നെയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.

NO COMMENTS