ജയലളിതയ്ക്ക് അന്ത്യാഞ്ജലി; ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

222

ചെന്നൈ: ജയലളിതയ്ക്ക് തമിഴകത്തിന്റെ അന്ത്യാഞ്ജലി. ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചെന്നൈ മറീന ബീച്ചിലെ അണ്ണാദുരൈയുടേയും എം.ജി.ആറിന്റേയും സ്മൃതിമണ്ഡപത്തിന് മധ്യേയായി സജ്ജീകരിച്ച സ്ഥലത്താണ് മൃതദേഹം അടക്കം ചെയ്തത്. ചന്ദനത്തടിയില്‍ തീര്‍ത്ത പേടകത്തിലാണ് മൃതദേഹം അടക്കം ചെയ്തത്. അമ്മയെ അവസാനമായി ഒരു തവണകൂടി കാണാനായി തമിഴ്മക്കള്‍ കൂട്ടമായി മൃതശരീരം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലേക്ക് ഒഴുകിയെത്തി. പലരും സങ്കടം സഹിക്കാനാകാതെ വിതുമ്ബി. ചിലര്‍ വാവിട്ട് നിലവിളിച്ചു. 4.15 ഓടെ പൊതുദര്‍ശനം അവസാനിപ്പിച്ച്‌ സംസ്കാരത്തിനായി മൃതദേഹം രാജാജി ഹാളില്‍ നിന്ന് നീക്കുമ്ബോഴും വന്‍ ജനാവലി അവിടെ തമ്ബടിച്ചിരുന്നു.

മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം കടന്നുപോയ വഴിയുടെ ഇരുവശവും ജനസമുദ്രമായി മാറി. ഒരുമണിക്കൂര്‍ നേരമെടുത്താണ് മറീനബീച്ചിലെ സംസ്കാരസ്ഥലത്ത് മൃതദേഹം എത്തിക്കാനായത്. ഹിന്ദു ആചാരപ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് തോഴി ശശികലയായിരുന്നു. വൈകുന്നേരം 6.05 ഓടെ മൃതദേഹം അടക്കം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തി ജയലളിതയ്ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പിരിഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം, യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും രാജാജി ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

NO COMMENTS

LEAVE A REPLY