ജയ്ഷ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടില്ല : അത്‌ലറ്റിക്സ് ഫെഡറേഷൻ

234

ന്യൂ‍ഡൽഹി∙ ഒളിംപിക് മാരത്തണില്‍ പങ്കെടുത്തപ്പോള്‍ വെള്ളം കിട്ടാതെയാണ് കുഴഞ്ഞുവീണതെന്ന മലയാളി അത്‌ലിറ്റ് ഒ.പി.ജയ്ഷയുടെ ആരോപണത്തിന് മറുപടിയായി അത്‌ലറ്റിക് ഫെഡറേഷന്‍ ഒാഫ് ഇന്ത്യ. കുടിവെള്ളം ആവശ്യമുണ്ടെന്ന് ജയ്ഷ ഒഫിഷ്യലുകളെ അറിയിച്ചില്ല എന്നതാണ് ഫെഡറേഷന്‍റെ വാദം. മല്‍സരാര്‍ത്ഥികള്‍ക്ക് വെള്ളം വിതരണം ചെയ്യേണ്ട ചുമതല സംഘാടകര്‍ക്കാണ്. അതിനുള്ള സൗകര്യം മാരത്തണിലുടനീളം ഒരുക്കിയിരുന്നു.

മുന്‍കൂട്ടിയുള്ള അനുമതി നേടിയാലേ മല്‍സരത്തിനിടെ ഒഫിഷ്യലുകള്‍ക്ക് കുടിവെള്ള വിതരണം നടത്താന്‍ കഴിയൂവെന്നും ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വല്‍സന്‍ പറഞ്ഞു. ഓരോ എട്ടു കിലോമീറ്റർ കൂടുമ്പോഴാണു ഒളിംപിക് സംഘാടകർ വെള്ളം ക്രമീകരിച്ചിരുന്നതെന്നാണ് ജയ്ഷയുടെ വാദം. പിന്നീട് മറ്റ് മല്‍സരാര്‍ഥികള്‍ക്ക് ഒപ്പമുളള ഒഫിഷ്യലുകളാണ് വെളളം നല്‍കിയതെന്നും തനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്നും ജയ്ഷ കുറ്റപ്പെടുത്തിയിരുന്നു.

നേരത്തെ, മൽസര സമയത്ത് കുടിവെള്ളം ഒരുക്കിയില്ലെന്നതുൾപ്പെടെ ഇന്ത്യൻ ടീം അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ജയ്ഷ ഉയർത്തിയത്. മൽസരം പൂർത്തിയാക്കിയ ഉടനെ ജയ്ഷ തളർന്നുവീണിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ജയ്ഷയ്ക്ക് ബോധം തെളിഞ്ഞത്. റിയോയിൽനിന്ന് തിരിച്ചെത്തിയ ജയ്ഷ, പനിയും ചുമയും മൂലം സഹോദരിക്കൊപ്പം ബെംഗളൂരുവിൽ വിശ്രമത്തിലാണ്.

NO COMMENTS

LEAVE A REPLY