ഡല്‍ഹിയിലെ പ്രശസ്തമായ തെരുവുനാടക സംഘമായ ‘ജന’ത്തിന്റെ പ്രകടനം കൊച്ചിയില്‍

225

കൊച്ചി: ബി എം ആനന്ദ് ഫൗണ്ടേഷനും ഡല്‍ഹിയിലെ പ്രശസ്തമായ ജന്‍ നാട്യ മഞ്ച്(ജനം) ചേര്‍ന്ന് കൊച്ചിയില്‍ തെരുവുനാടകം സംഘടിപ്പിക്കുന്നു. അടുത്ത ശനിയും ഞായറും കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലാണ് തെരുവുനാടകം. വിയോജിപ്പും ചര്‍ച്ചയും എന്ന വിഷയത്തെ ആധാരമാക്കിയാണ് രാജ്യത്തെ ഏറ്റവും പഴയ തെരുവുനാടക സംഘങ്ങളില്‍ ഒന്നായ ജനത്തിന്റെ പ്രകടനം. തൊഴിലാളിയുടെ അവകാശം, സ്ത്രീകള്‍ക്കെതിരായ അക്രമം എന്നിവയിലൂന്നിയാണ് തെരുവുനാടകം. എറണാകുളം സുഭാഷ് പാര്‍ക്ക്, ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലാണ് ഇതിന് വേദിയൊരുക്കിയിട്ടുള്ളത്. കൊച്ചി-മുസിരിസ് ബിനാലെ വേദിയിലും ഈ തെരുവുനാടകം അവതരിപ്പിക്കും.

കൊച്ചിയില്‍ കഴിഞ്ഞ ഒന്നര മാസമായി നടന്നു വരുന്ന ബി എം ആനന്ദ് ഫൗണ്ടേഷന്റെ വിയോജിപ്പും ചര്‍ച്ചയും എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായാണ് തെരുവുവനാടകം. അന്തരിച്ച കലാകാരനായ ബ്രിജ് മോഹന്‍ ആനന്ദിന്റെ തെരഞ്ഞെടുത്ത സൃഷ്ടികളാണ് ഇതില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. ഫോര്‍ട്ട്‌കൊച്ചിയിലെ ഗ്രീനിക്‌സ് വില്ലേജിലാണ് പ്രദര്‍ശനം. ഇതിനകം തന്നെ 1500 ഓളം പേര്‍ ഈ പ്രദര്‍ശനം കണ്ടുകഴിഞ്ഞു. വിവിധ പ്രസദ്ധീകരണങ്ങള്‍ക്കായി ബി എം ആനന്ദ് വരച്ച സൃഷ്ടികളാണ് തെരഞ്ഞെടുത്തത്. സമൂഹത്തിന്റെ പ്രതിഫലനമാകണം കലാസൃഷ്ടികള്‍ എന്നു വിശ്വസിച്ചിരുന്നയാളാണ് അദ്ദേഹമെന്നും പ്രദര്‍ശനത്തിന്റെ ക്യുറേറ്ററായി സ്രുതി ഐസക് പറഞ്ഞു.

യേ ഭി ഹിംസ ഹൈ, യേ ഹം ക്യൂം സഹേ എന്നിങ്ങനെ രണ്ട് നാടകങ്ങളാണ് ജനം സംഘം അവതരിപ്പിക്കുന്നത്. ജനുവരി 28 -29 തിയതികളിലാണ് നാടകാവതരണം. മട്ടാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരം, വാസ്‌കോ ഡ ഗാമ ചത്വരം, ഫോര്‍ട്ട്‌കൊച്ചി കടപ്പുറം, ബിനാലെ വേദിയായ ആസ്പിന്‍വാള്‍ ഹൗസ്, മറൈന്‍ ഡ്രൈവ്, സുഭാഷ് പാര്‍ക്ക് എന്നിവിടങ്ങളിലാണ് തെരുവുനാടകം അരങ്ങേറുക. ഡല്‍ഹി കൂട്ടബലാത്സംഗത്തിനു ശേഷം ഒരുക്കിയതാണ് യേ ഭി ഹിംസാ ഹൈ എന്ന നാടകം. ശാരീരികേതര പീഡനങ്ങളായ പിന്തുടരല്‍, ആണ്‍കോയ്മ, എന്നിവയാണ് ഇതിലെ പ്രതിപാദ്യം. പ്രതീകാത്മകമായ ബലാത്സംഗ രംഗത്തോടെയാണ് നാടകത്തിന്റെ അന്ത്യം. തൊഴിലാളിയുടെ വ്യക്തിപരമായ വര്‍ണനായാണ് യേ ഹം ക്യൂം സഹേ എന്ന നാടകം. ഗൗരവമുള്ള കാര്യങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് കുറിക്കു കൊള്ളുന്ന വിധത്തിലാണ് ഇതൊരുക്കിയിട്ടുള്ളത്.

അടിയുറച്ച സോഷ്യലിസ്റ്റായിരുന്ന ബി എം ആനന്ദിന്റെ സൃഷ്ടികള്‍ വിട്ടുവീഴ്ചയില്ലാത്തവയായിരുന്നു. ഫാസിസം മുതല്‍ ആണവായുധ മത്സരം വരെയുള്ള കാര്യങ്ങള്‍ അദ്ദേഹം തന്റെ സൃഷ്ടികളിലൂടെ എതിര്‍ത്തു പോന്നു. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ പച്ചയായി വരച്ചു കാണിക്കുന്ന ജന്‍ നാട്യ മഞ്ച് പോലുള്ള സംഘവുമായി സഹകരിക്കുന്നത് ഏറ്റവും ഉചിതമാണെന്ന് ബി എം ആനന്ദ് ഫൗണ്ടേഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ അദിതി ആനന്ദ് പറഞ്ഞു. മൂല്യോശ്രീ ഹാഷ്മി, അശോക് തിവാരി, സുധന്യ ദേശ്പാണ്ഡേ, സോമന്‍ ടി കെ, ജ്യോതി റോയി, കോമിത ധന്‍ഡാ എന്നിവരാണ് ജനം സംഘത്തിലെ അംഗങ്ങള്‍. പ്രശസ്തനായ സഫ്ദര്‍ ഹാഷ്മി 1970 ലാണ് ഈ സംരംഭം സ്ഥാപിച്ചത്.

NO COMMENTS

LEAVE A REPLY