നന്ദിഗ്രാമും സിംഗൂരും പാഠമാക്കണം; പുതുവൈപ്പിലെ പൊലീസ് നടപടിയെ വിമര്‍ശിച്ച്‌ ജനയുഗം

269

തിരുവനന്തപുരം: കൊച്ചി പുതുവൈപ്പില്‍ ഐഒസി പ്ലാന്റിന് എതിരയുള്ള ജനകീയ സമരത്തിന് നേരം പൊലീസ് നടത്തിയ മര്‍ദ്ദനത്തെ വിമര്‍ശിച്ച്‌ സിപിഐ മുഖപത്രം ജനയുഗം. നന്ദിഗ്രാമും സിംഗൂരും പാഠമാക്കണമെന്നൈാണ് ജനയുഗം വിമര്‍ശിച്ചിരിക്കുന്നത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയം എന്താണെന്ന്, പ്രസ്താവനയിലൂടെയല്ല പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സര്‍ക്കാരിന്റെ പൊലീസ് നയത്തെ വികൃതവും അപഹാസ്യവുമാക്കിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുകയാണ് അതിനുള്ള മാര്‍ഗം. പുതുവൈപ്പില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ജനകീയ പ്രതിരോധത്തിന് പരിഹാരം കാണാനും അതിനായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനും അതുവഴിമാത്രമേ കഴിയു.പൊലീസ് അതിക്രമത്തെക്കുറിച്ച്‌ നിഷ്പക്ഷമായ അന്വേഷണം വേണം, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരികര്കണമെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ് എന്ന തലക്കെട്ടോടെയാണ്
പത്രം എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ നടത്തിയ എഐവൈഎഫുകാര്‍ക്ക് നേരെയും പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു.
പദ്ധതിയെ എതിര്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്കിടയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നതായി പൊലീസ് ഉന്നതരില്‍ നിന്നും ആരോപണം ഉയര്‍ന്നിരിക്കുന്നു. പ്രക്ഷോഭകരെ ഇതുവരെ പൊലീസ് നേരിട്ട രീതി മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാനാവുന്നതല്ല. അത് എല്‍ഡിഎഫിന്റെ വിശ്വാസ്യതയ്ക്കുമേലാണ് കളങ്കം ചാര്‍ത്തിയിരിക്കുന്നത്. ആരുഭരിച്ചാലും പൊലീസ് പഴയപടിയെ പ്രവര്‍ത്തിക്കൂ എന്ന തോന്നല്‍ ജനങ്ങളില്‍ ബലപ്പെടുത്താന്‍ അതിടയാക്കി.

ഇടതുപക്ഷ ഭരണത്തില്‍ സാമാന്യ ജനങ്ങളോട് സഹാനുഭൂതിയോടെ പൊലീസ് പെരുമാറുമെന്ന വിശ്വാസത്തിനാണ് മങ്ങലേറ്റിരിക്കുന്നത്. പത്രം പറയുന്നു.
വികസനമെന്നാല്‍ പത്തുവരിപ്പാതകളും വമ്ബന്‍ തുറമുഖങ്ങളും ലോകോത്തര വിമാനത്താവളങ്ങളും വാതകക്കുഴല്‍ ശൃംഖലകളും വ്യവസായ സമുച്ചയങ്ങളും അണക്കെട്ടുകളും ആഡംബര മാളുകളുമുള്‍പ്പെട്ട നിര്‍മിതികളായി കാണുന്ന പാശ്ചാത്യ മുതലാളിത്ത സംസ്കാരം ലോകമെങ്ങും ചോദ്യം ചെയ്യപ്പെടുകയാണ്. മനുഷ്യ ജീവിതത്തിന് ആധുനിക ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ലഭ്യമാവണം. പക്ഷെ മഹാഭൂരിപക്ഷം വരുന്ന ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെയും ജീവിതനിലനില്‍പിനെ അപ്പാടെ നിഷേധിച്ചുകൊണ്ടാവരുത് അത്. അവനും അവന്റെ ജീവിതവും അവന്‍ ജീവിക്കുന്ന ജൈവപ്രകൃതിയും കേന്ദ്രമായുള്ള ഒരു വികസനം മാത്രമേ അവന് സ്വീകാര്യമാവു. വികസനത്തിന്റെ വിനാശകരമായ പാശ്ചാത്യ മാതൃകകളെ അപ്പാടെ പകര്‍ത്താന്‍ ശ്രമിക്കുന്നത് വന്‍ ദുരന്തങ്ങള്‍ക്കായിരിക്കും വഴിതെളിക്കുക. എന്‍ഡോസള്‍ഫാനും കൊക്കോക്കോളയും അതാണ് നമുക്ക് കാണിച്ചുതരുന്നത്. അത്തരം ദുരന്തങ്ങളുടെ മറുപുറമാണ് സിംഗൂരും നന്ദിഗ്രാമും. അവയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ നാം തയാറാവണം. പത്രം പറയുന്നു.

NO COMMENTS