തിരുവനന്തപുരം: : ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരത്തിന് ഗായകന്‍ ജി വേണു ഗോപാല്‍ അര്‍ഹനായി. ശ്രീകൃഷ്ണ ദര്‍ശന ങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, വൈജ്ഞാനിക രംഗങ്ങളില്‍ മികച്ച സംഭാവന ചെയ്തിട്ടുള്ള വ്യക്തി കളെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത്.
50,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ബാലഗോകുലത്തിന്റെ കീഴിലുള്ള ബാല സംസ്‌കാര കേന്ദ്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രൊഫ സി എന്‍ പുരുഷോത്തമന്‍, എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍, എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ശ്രീകൃഷ്ണജയന്തിയൊടനുബന്ധിച്ച് എറണാകുളത്ത് ആഗസ്റ്റ് 12ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും.
സംഗീത പ്രേമികളുടെ മനസ്സില്‍ തന്റെ മധുരഗാനങ്ങളാല്‍ മായാത്ത മുദ്ര പതിപ്പിച്ച ഗായകനാണ് ജി വേണുഗോപാല്‍. ലയഭരിതവും മൗനമുദ്രിതവുമായ ആലാപന ശൈലിയില്‍ വരികളുടെ അര്‍ത്ഥവും ആഴവും അറിഞ്ഞു പാടുന്ന വേണുഗോപാല്‍ കുറഞ്ഞ കാലവും ചുരുക്കം ഗാനങ്ങള്‍ കൊണ്ടും മികച്ച ഗായകന്‍ എന്ന പേരെടുത്തു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി കേരള യൂണിവേഴ്‌സിറ്റി കലാപ്രതിഭ ആയിരുന്നു. 2000ലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു. കേരള സര്‍ക്കാര്‍ നല്‍കുന്ന മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള പുരസ്‌കാരം 1988, 1990, 2004 വര്‍ഷങ്ങളില്‍ കിട്ടിയിട്ടുണ്ട്.
കവിതകള്‍ക്കു സംഗീതം നല്‍കി ആലപിക്കുന്ന പുതിയ രീതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് ‘കാവ്യരാഗം’ എന്ന ആല്‍ബം അദ്ദേഹം പുറത്തിറക്കി. പ്രശസ്തരായ മലയാള കവികളുടെ മികച്ച കവിതകള്‍ ആലപിക്കുകയുണ്ടായി. ഒ എന്‍ വി കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, വി മധുസൂദനന്‍ നായര്‍ എന്നിവരുടെ കവിതകള്‍ വേണുഗോപാല്‍ ആലപിച്ചു.
ഇരുപത്തിയാറാമത് ജന്മാഷ്ടമി പുരസ്‌കാരമാണ് ഇത്തവണത്തേത്. മാതാ അമൃതാനന്ദമയീദേവി, മഹാകവി അക്കിത്തം, സുഗത കുമാരി, യൂസഫലി കേച്ചേരി, കെ ബി ശ്രീദേവി, പി ലീല, മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി, സ്വാമി ചിദാനന്ദപുരി, സ്വാമി പരമേശ്വരാനന്ദ, ആര്‍ട്ടിസ്റ്റ് കെ കെ വാര്യര്‍, തുളസി കോട്ടുങ്കല്‍, അമ്പലപ്പുഴ ഗോപകുമാര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, എസ്. രമേശന്‍ നായര്‍, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പി.പരമേശ്വരന്‍, മധുസൂദനന്‍ നായര്‍, കെ.എസ്. ചിത്ര, കെ ജി ജയന്‍, പി നാരായണകുറുപ്പ്, സുവര്‍ണ്ണ നാലപ്പാട്, ശ്രീകുമാരന്‍ തമ്പി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കലാമണ്ഡലം ഗോപിതുടങ്ങിയവര്‍ മുന്‍ വര്‍ഷങ്ങളില്‍ ജന്മാഷ്ടമി പുരസ്‌ക്കാരം നേടി