ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി – ജവഹർലാൽ നെഹ്രുവിന്റെ ചരമദിനം

6470

1964 മെയ് 27 ന് മദ്ധ്യാഹ്നത്തോടെയാണ് ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു അന്തരിച്ചത്.ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. . സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്‌.

ലണ്ടനിലെ പ്രശസ്തമായ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ബിരുദമെടുത്തതിന് ശേഷം ഇന്ത്യയിലേക്കു തിരിച്ചു വന്ന നെഹ്രു അലഹബാദ് കോടതിയിൽ അഭിഭാഷകനായി ഉദ്യോഗം ആരംഭിച്ചു. രാഷ്ട്രീയത്തോട് താൽപര്യമുണ്ടായിരുന്ന നെഹ്രു അഭിഭാഷകജോലി വിട്ട് മുഴുവൻ സമയവും രാഷ്ട്രീയത്തിലേക്ക് ചേക്കേറി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലർത്തുന്നവരോടൊപ്പം നിൽക്കാനാണ് നെഹ്രു താൽപര്യപ്പെട്ടത്. തന്റെ മാർഗ്ഗദർശി കൂടിയായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹത്തോടേയും, മൗനസമ്മതത്തോടേയും നെഹ്രു കോൺഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി മാറി.ഇടതുപക്ഷ പരമായ കോൺഗ്രസ്സിന്റെ നയങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു.

അലഹബാദിലെ കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ മോത്തിലാൽ നെഹ്രുവിന്റേയും, ഭാര്യ സ്വരുപ്റാണി തുസ്സുവിന്റേയും മകനായാണ് ജവഹർലാൽ ജനിച്ചത്. ഇവർക്കു ജനിച്ച മൂന്നു മക്കളിൽ മുതിർന്ന ആളായിരുന്നു ജവഹർ. നെഹ്രുവിന്റെ സഹോദരിമാരിലൊരാൾ വിജയലക്ഷ്മി പണ്ഡിറ്റ് പിന്നീട് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസ്സംബ്ലിയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന ബഹുമതിക്കുടമയായി. രണ്ടാമത്തെ സഹോദരി കൃഷ്ണഹുതിസിങ് അറിയപ്പെടുന്ന ഒരു എഴുത്തുകാരിയുമായി മാറി. അമൂല്യരത്നം എന്നാണ് ജവാഹർ എന്ന അറബി വാക്കിന്റെ അർത്ഥം. ലാൽ എന്നാൽ പ്രിയപ്പെട്ടവൻ എന്നാണർത്ഥം.

നെഹ്രു എന്നത് യഥാർത്ഥ കുടുംബപ്പേരല്ല. കാശ്മീരിലെ കൗൾ കുടുംബമാണ് നെഹ്രുവിന്റേത്. എന്നാൽ ഡെൽഹി വാസത്തിനിടയിൽ തലമുറകൾക്കു മുമ്പ് ലഭിച്ചതാണ് നെഹ്രു എന്ന കുടുംബപ്പേര്. നഹർ എന്ന പേർഷ്യൻ ഭാഷയിൽ നിന്നാണ് നെഹ്രു എന്ന നാമം ഉണ്ടായത്. ഔറംഗസീബ് ചക്രവർത്തിയുടെ കാലഘട്ടത്തിൽ കാശ്മീരിൽ നിന്നും ഡെൽഹിയിലേക്കു കുടിയേറിപ്പാർത്ത നെഹ്രുവിന്റെ മുൻതലമുറക്കാരിൽ രാജ് കൗൾ എന്ന വ്യക്തിയാണ് പിന്നീട് പേരിനൊപ്പം നെഹ്രു എന്ന് ഉപയോഗിക്കാൻ തുടങ്ങിയത്.

1916-ൽ മാതാപിതാക്കളുടെ താൽപര്യപ്രകാരം കമലയെ വിവാഹം കഴിച്ചു. ജീവിതരീതികൾക്കൊണ്ടും ചിന്തകൾക്കൊണ്ടും രണ്ടു ധ്രുവത്തിലായിരുന്നു നെഹ്‌റുവും കമലയും. സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽനിന്നു വന്ന കമല നിശ്ശബ്ദ ജീവിതം നയിക്കാൻ ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ നെഹ്‌റുവിന്റെ ജിവിതത്തിൽ അവർക്ക്‌ യാതൊരു സ്വാധീനവുമില്ലായിരുന്നു. വിവാഹത്തിന്റെ രണ്ടാം വർഷത്തിൽ അവർക്ക്‌ ഇന്ദിരയെന്ന ഏകമകളുണ്ടായി.

ബ്രിട്ടനിലെ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിൽ നെഹ്രുവിന് താൽപര്യം തോന്നിത്തുടങ്ങിയിരുന്നു. ബ്രിട്ടനിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി വന്നയുടൻ തന്നെ പാട്നയിൽ വെച്ചു നടന്ന കോൺഗ്രസ്സിന്റെ ഒരു സമ്മേളനത്തിൽ നെഹ്രു പങ്കെടുത്തിരുന്നുവെങ്കിലും, ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു കൂട്ടം സമ്പന്നർ എന്നുമാത്രമേ അദ്ദേഹത്തിന് ആ സമ്മേളനത്തെക്കുറിച്ചു വിലയിരുത്താൻ കഴിഞ്ഞിരുന്നുള്ളു. അക്കാലഘട്ടത്തിൽ കോൺഗ്രസ്സിന്റെ നേതൃത്വം മുഴുവൻ സമ്പന്നരെക്കൊണ്ടു നിറഞ്ഞിരിക്കുകയായിരുന്നു.

നെഹ്രു സമൂലമായ രാഷ്ട്രീയ കാഴ്ചകളുമായിട്ടുള്ള ഒരു നേതാവായി ഉയർന്നുവന്നത് ഏതാണ്ട് ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്താണ്

നെഹ്രു ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടുന്നത് 1916-ലെ ലക്‌നൗ കോൺഗ്രസ്സ് സമ്മേളനത്തിലാണ്‌. ബ്രിട്ടീഷുകാരുമായി ശണ്ഠകൂടാത്ത മോത്തിലാലിന്റെ ശൈലിയേക്കാൾ നെഹ്രുവിനെ ആകർഷിച്ചത്‌ മഹാത്മാ ഗാന്ധിയും, അദ്ദേഹത്തിന്റെ നിസഹകരണ പ്രസ്ഥാനവുമാണ്‌. നെഹ്രുവിൽ ഇന്ത്യയുടെഭാവി ഒളിഞ്ഞിരിക്കുന്നതായി ഗാന്ധിയും കണ്ടെത്തി. ക്രമേണ നെഹ്രു കുടുംബം മുഴുവൻ ഗാന്ധിജിയുടെ അനുയായികളായി. ജവഹറും അച്ഛനും പാശ്ചാത്യ വേഷവിധാനങ്ങൾ വെടിഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ സജീവമായതോടെ അറസ്റ്റും ജയിൽവാസവും ജീവിതത്തിന്റെ ഭാഗമായി.ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ നെഹ്രു ഗാന്ധിജിയോടൊപ്പം സുപ്രധാന പങ്ക് വഹിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ഒരു അന്തർദേശീയ ശ്രദ്ധ ആകർഷിക്കുന്നതിനായിരുന്നു നെഹ്രുവിന്റെ ശ്രമം. ലോകത്തെമ്പാടും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നടക്കുന്ന സമരങ്ങളുമായി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ബന്ധിപ്പിക്കാൻ അദ്ദേഹം വിദേശത്തുനിന്നുമുള്ള സമാന ചിന്താഗതിക്കാരെ തേടിത്തുടങ്ങി.

സാമ്രാജ്യത്വത്തിനെതിരേ രൂപം കൊണ്ട സംഘടയിലെ കമ്മറ്റിയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത നെഹ്രു തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രരാഷ്ട്രങ്ങളിലെ സർക്കാരുകളുമായി ഒരു നല്ല ബന്ധം കെട്ടിപ്പടുക്കുന്നതിനായ് നെഹ്രു സുഭാഷ്ചന്ദ്രബോസുമായി കൂടിച്ചേർന്ന് പ്രവർത്തിച്ചിരുന്നു.

ബ്രിട്ടീഷുകാരിൽ നിന്നും പൂർണ്ണമായ സ്വാതന്ത്ര്യം എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ചവരിൽ ഒരാൾ നെഹ്രുവാണ്. കോൺഗ്രസ്സ് ബ്രിട്ടനുമായുള്ള എല്ലാ സഖ്യങ്ങളും അവസാനിപ്പിക്കണമെന്ന് നെഹ്രു ആവശ്യപ്പെട്ടു. 1927 ൽ പൂർണ്ണസ്വാതന്ത്ര്യം എന്ന ആശയം നെഹ്രു മുന്നോട്ടുവച്ചുവെങ്കിലും, പിന്നീട് അത് ഉപേക്ഷിച്ചു .1928 ൽ ബ്രിട്ടനോട് പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം പാസ്സാക്കി. ഈ പ്രമേയം ബ്രിട്ടീഷ് സർക്കാർ തള്ളി, പിന്നാലെ ഇന്ത്യക്ക് പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം നെഹ്രുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് പാസ്സാക്കി.

1929 ലെ പുതുവത്സരതലേന്ന് നെഹ്രു ലാഹോറിലെ രവി നദിക്കരയിൽ ത്രിവർണ്ണപതാക ഉയർത്തി .അവിടെ കൂടിയിരുന്നവരെല്ലാം തന്നെ നെഹ്രുവിന്റെ ആവശ്യത്തോട് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കാൻ കോൺഗ്രസ്സ് ആഹ്വാനം ചെയ്തു.

1930 ഏപ്രിൽ 14 നു അലഹബാദിലെ റായിപൂർ എന്ന സ്ഥലത്തു വെച്ച് ഉപ്പു നിയമം ലംഘിച്ചതിന് നെഹ്രുവിനെ അറസ്റ്റു ചെയ്തു. ബ്രിട്ടീഷ് സർക്കാർ നെഹ്രുവിനെ ആറുമാസത്തെ തടവിനു ശിക്ഷിച്ചു. നെഹ്രു ജയിലിലായിരിക്കുമ്പോൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി അദ്ദേഹം, ഗാന്ധിജിയെ നിർദ്ദേശിച്ചുവെങ്കിലും, ഗാന്ധി അതു നിരസിച്ചു. നെഹ്രുവിന്റെ അറസ്റ്റോടെ, നിയമലംഘന സമരത്തിനു പുതിയ ഭാവങ്ങൾ കൈ വന്നു. രാജ്യമെങ്ങും അറസ്റ്റും, ലാത്തി ചാർജ്ജുകളും കൊണ്ടു നിറഞ്ഞു.

കമ്മ്യൂണിസ്റ്റ് ചിന്തകനായിരുന്ന കാൾ മാർക്സിന്റെ ചിന്തകൾ നെഹ്രുവിനെ കുറെയൊക്കെ സ്വാധീനിച്ചിരുന്നു.തന്റെ ജയിൽവാസകാലത്ത് നെഹ്രുവിന്റെ വായനക്കിടയിൽ കാൾ മാർക്സിന്റെ രചനകളും ഉണ്ടായിരുന്നു. കാൾ മാർക്സിന്റെ പല ആശയങ്ങളോടും വിരോധം ഉണ്ടായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ സാമ്പത്തിക ആശയങ്ങളാണ് ഇന്ത്യക്കു ചേരുന്നതെന്ന് നെഹ്രു വിശ്വസിച്ചിരുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി

1947 ആഗസ്റ്റ് 15 ന് ജവഹർലാൽ നെഹ്രു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അധികാരമേറ്റു. സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ് 1946 സെപ്തംബറിൽ നെഹ്രു ഇടക്കാല മന്ത്രിസഭ രൂപീകരിച്ചു. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയും നെഹ്രു തന്നെ.മുസ്ലീം ലീഗുമായി ചർച്ചകൾ നടത്തിയെങ്കിലും ഇന്ത്യാവിഭജനം തടയാൻ നെഹ്രുവിനായില്ല.

1948 ജനുവരി 30 ന് ഗാന്ധിജി നാഥുറാം ഗോഡ്സെ എന്നയാളാൽ കൊല്ലപ്പെട്ടു. അങ്ങേയറ്റം വികാരാധീനനായാണ് നെഹ്രു ഗാന്ധിയുടെ വിയോഗം ജനങ്ങളെ അറിയിച്ചത്. ഗാന്ധിയുടെ മരണം കോൺഗ്രസിനുള്ളിൽ നെഹ്രുവിന്റെ സ്വാധീനശക്തി ഏറെ വളർത്തിയെന്ന് ജീവചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. പിന്നീടുള്ള കാലങ്ങളിൽ നെഹ്രുവിന്റെ മകൾ ഇന്ദിരാ ഭരണപരമായ കാര്യങ്ങളിൽ അച്ഛനെ സഹായിക്കാൻ തുടങ്ങി. നെഹ്രുവിന്റെ വിദേശയാത്രകളിലും മറ്റും ഇന്ദിര അദ്ദേഹത്തെ പിന്തുടർന്നിരുന്നു. ഫലത്തിൽ ഇന്ദിര നെഹ്രുവിന്റെ സുപ്രധാന സഹായിയായി മാറി.

കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം, ജനസംഖ്യാനിയന്ത്രണത്തിനു രാജ്യത്ത് കുടുംബാസൂത്രണപദ്ധതി തുടങ്ങിയവ നെഹ്രുവാണ്‌ നടപ്പാക്കിയത്. 1960 ജനവരി 18-ന് എറണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം ഉദ്ഘാടനം ചെയ്തതും നെഹ്രുവാണ്‌.

നെഹ്രു ഒരു മികച്ച ഗ്രന്ഥകാരൻ കൂടിയായിരുന്നു. ഇന്ത്യയെ കണ്ടെത്തൽ, ലോകചരിത്രാവലോകനം എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങളാണ്‌. 1955-ലാണ്‌ ജവഹർലാൽ നെഹ്രുവിന്‌ ഭാരതരത്നം ബഹുമതി സമ്മാനിച്ചത്.

ദ ഡിസ്കവറി ഓഫ് ഇന്ത്യ – ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി – ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ‍ഡോട്ടർ
എ ബഞ്ച് ഓഫ് ഓൾഡ് ലെറ്റേഴ്സ് – മഹാത്മാ ഗാന്ധി – ദ എസ്സൻഷ്യൽ റൈറ്റിംഗ്സ് – ആൻ ആന്തോളജി – ലെറ്റേഴ്സ് ടു ചീഫ് മിനിസ്റ്റേഴ്സ്

ബഹുമതികൾ

ഒരു കുടുബത്തിലെ മൂന്ന് പേർക്ക് ഭാരതരത്നം ലഭിച്ചിട്ടുള്ളത് നെഹ്രുകുടുംബത്തിനാണ്‌. പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്‌ 1955-ലും,മകൾ ഇന്ദിരാഗാന്ധിക്ക് 1971-ലും നെഹ്രുവിന്റ ചെറുമകൻ രാജീവ്ഗാന്ധിക്ക് 1991-ലും ഭാരതരത്നം സമ്മാനിക്കപ്പെട്ടു.മൂന്നുപേരും ഇന്ത്യൻപ്രധാനമന്ത്രിമാരായിരുന്നു. നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും പ്രധാനമന്ത്രിമാരായിരിക്കുമ്പോഴാണ്‌ ഭാരതരത്നം ലഭിച്ചത്.രാജീവ്ഗാന്ധിക്ക് മരണാനന്തര ബഹുമതിയായാണ്‌ ഈ പുരസ്കാരം സമ്മാനിച്ചത്.

1962 നുശേഷം നെഹ്രുവിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. 1964 ൽ നെഹ്രുവിന് ഹൃദയാഘാതമുണ്ടായി. കാശ്മീരിൽ നിന്നും തിരിച്ചുവന്ന ഉടനെയായിരുന്നു ഇത്. 27 മെയ് 1964 ന് മദ്ധ്യാഹ്നത്തോടെ നെഹ്രു അന്തരിച്ചു. അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് നെഹ്രുവിന്റെ മരണം ലോക സഭയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യമുനാനദിയുടെ കരയിലുള്ള ശാന്തിവനത്തിൽ ഹൈന്ദവാചാരങ്ങളോടെ അദ്ദേഹത്തിന്റെ മരണാനന്തരകർമ്മങ്ങൾ നടത്തി. ഏതാണ്ട് 15 ലക്ഷത്തോളം ജനങ്ങളാണ് നെഹ്രുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.

NO COMMENTS