ചെന്നൈ• ആശുപത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള കിംവദന്തികള്‍ ഇല്ലാതാക്കണമെന്നും ഇതിനു ജയലളിതയുടെ ഇപ്പോഴത്തെ ചിത്രം പുറത്തു വിടണമെന്നും ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു ജനങ്ങള്‍ക്കു വിവരങ്ങള്‍ അറിയാന്‍ സുതാര്യ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടു.കടുത്ത പനിയും നിര്‍ജലീകരണവും മൂലം കഴിഞ്ഞ 22നാണു ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യനില ഗുരുതരമാണെന്നും വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്കു കൊണ്ടുപോകേണ്ടിവരുമെന്നുമൊക്കെ പിന്നീടുള്ള ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.തുടര്‍ന്നുള്ള കുറച്ചു ദിവസങ്ങളില്‍ ആശുപത്രിയില്‍നിന്നുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നില്ല. പിന്നീട് വ്യാഴാഴ്ച രാത്രി ഏറെ വൈകിയാണ് അപ്പോളോ ആശുപത്രി അധികൃതര്‍ ആരോഗ്യനില സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.ജയലളിത മരുന്നുകളോടു വേണ്ടവിധം പ്രതികരിക്കുന്നതായും കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കുമായി കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നുമാണ് ആശുപത്രി അധിതൃതര്‍ പറയുന്നത്.കാവേരി വിഷയത്തില്‍ ആശുപത്രിയില്‍വച്ചു മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്ന് എഐഎഡിഎംകെ േനതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ ചിത്രങ്ങളോ വിഡിയോ ദൃശ്യങ്ങളോ പുറത്തുവിട്ടിരുന്നില്ല. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ പുറത്തുവിടണമെന്നു കരുണാനിധി ആവശ്യപ്പെട്ടിരിക്കുന്നത്. ആശുപത്രിയിലായാലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു യോഗത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടാറുള്ള പതിവുണ്ട്. എന്നാല്‍ ഇക്കുറി അതുണ്ടായില്ല. ഇത്തരം നടപടികളില്‍ അവരുടെ അനുയായികള്‍ക്കുപോലും ആശങ്കയുണ്ട്. ഇതെല്ലാം ദുരീകരിക്കപ്പെടണം – കരുണാനിധി ആവശ്യപ്പെട്ടു.ജയലളിതയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചിട്ടില്ലെന്ന് എഐഎഡിഎംകെ വക്താവ് നഞ്ചില്‍ സമ്ബത്ത് പറഞ്ഞു. ആശുപത്രിയില്‍ കഴിയുകയാണെങ്കിലും ഭരണകാര്യങ്ങളില്‍ മുഖ്യമന്ത്രി സജീവമായി ഇടപെടുന്നുണ്ട്. കാവേരി വിഷയത്തിലും കോയമ്ബത്തൂരിലെ വര്‍ഗീയ സംഘര്‍ഷ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയുണ്ടായി. ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണ്. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പോളോ പോലുള്ള രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രി പുറത്തുവിടുന്ന ഹെല്‍ത്ത് ബുള്ളറ്റിനുകളെ സംശയിക്കേണ്ടതില്ലെന്ന് മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് സി.ആര്‍. സരസ്വതി പറഞ്ഞു.