ചെന്നൈ: ഒരാഴ്ചയായി ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായ യു.കെയില്‍ നിന്നും ഡോക്ടറെ വരുത്തി. തീവ്രപരിചരണവിഭാഗം വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലെയാണ് ജയലളിതയുടെ ആരോഗ്യനില പരിശോധിക്കാന്‍ എത്തിയത്.ലോകത്തെ മികച്ച ചികിത്സ ലഭ്യമാക്കുന്ന ആസ്പത്രികളിലൊന്നായ ലണ്ടന്‍ ബ്രിഡ്ജിലെ തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടറും ഗവേഷകനുമാണ് ഡോക്ടര്‍ റിച്ചാര്‍ഡ്.ഇദ്ദേഹം വരുംദിവസങ്ങളില്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കും.
ഇതിന്റെ ഭാഗമായി ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആസ്പത്രിയിലെ ഡോക്ടര്‍മാരുമായി ബീലെ ചര്‍ച്ച നടത്തി.മുഖ്യമന്ത്രി ചികിത്സയോട് നല്ലരീതിയില്‍ പ്രതികരിക്കുന്നതായും കുറച്ചു ദിവസം ആസ്പത്രിയില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും അപ്പോളോ ആസ്പത്രി വ്യാഴാഴ്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.എന്നാല്‍ പിന്നീട് മെഡിക്കല്‍ ബുള്ളറ്റിനിറക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്താന്‍ ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്നും ഡി.എം.കെ പ്രസിഡന്റ് കരുണാനിധി ആവശ്യപ്പെട്ടിരുന്നു.