ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പൂര്‍ണ്ണമായും സുഖം പ്രാപിച്ചതായും വൈകാതെ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തുമെന്നും എ.ഐ.എ.ഡി.എം.കെ. പാര്‍ട്ടി വക്താവ് സി.ആര്‍ സരസ്വതിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആശുപത്രിയിലെ ഡോക്ടര്‍മാരും വിദഗ്ധരും ജയലളിയെ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ജയലളിത വിശ്രമിക്കുകയാണെന്നും സരസ്വതി കൂട്ടിച്ചേര്‍ത്തു. കടുത്ത പനിയും നിര്‍ജ്ജലീകരണവും ബാധിച്ച് സെപ്തംബര്‍ 22നാണ് 68കാരിയായ ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധരും ഡല്‍ഹി എയിംസ് ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാരും പരിശോധിച്ചിരുന്നു. അണുബാധയും ശ്വാസതടസ്സവും നേരിടുന്നതിനാല്‍ കൃത്രിമ ശ്വസനവും നല്‍കുന്നുണ്ട്. അതേസമയം, ബി.ജെ.പി നേതാവ് എച്ച്.വി ഹന്ദെയും ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തന്പിദുരൈയും ഇന്ന് ജയലളിതയെ സന്ദര്‍ശിച്ചു. ജയലളിത ഒരാഴ്ചയ്ക്കുള്ളില്‍ മടങ്ങിയെത്തുമെന്നാണ് ഉറപ്പുണ്ടെന്നും ഹന്ദെ പറഞ്ഞു. എം.ജി രാമചന്ദ്രന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു ഹന്ദെ.