ചെന്നൈ • മുഖ്യമന്ത്രി ജയലളിതയുടെ രോഗമുക്തിക്ക് തിരുവണ്ണാമലയിലെ ക്ഷേത്രത്തില്‍ നടത്തിയ പാല്‍ക്കുട ഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചു. 15 പേര്‍ക്കു പരുക്കേറ്റു. അരുള്‍മിഗു പച്ചയമ്മന്‍ ക്ഷേത്രത്തില്‍ നിന്നു ശ്രീ അരുണാചലേശ്വര്‍ ക്ഷേത്രത്തിലേക്കു മന്ത്രി അഗ്രി കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലാണു ഘോഷയാത്ര നടന്നത്. പതിനായിരത്തോളം പേര്‍ പങ്കെടുത്തു. വൈകിട്ട് 3.30നു പച്ചയമ്മന്‍ ക്ഷേത്രത്തില്‍ നിന്നു പാല്‍ക്കുടമെടുക്കാന്‍ ഒട്ടേറെ സ്ത്രീകള്‍ ഒരുമിച്ചെത്തിയതോടെയാണു തിരക്കുണ്ടായത്. പരുക്കേറ്റവരെ തിരുവണ്ണാമലൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ചാണു കമല സമ്മന്തം (67) മരിച്ചത്. ജയയുടെ രോഗമുക്തിക്ക് സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെല്ലാം വലിയ വഴിപാടുകളാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തുന്നത്. അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജയലളിതയെ ലണ്ടനില്‍ നിന്നുള്ള വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ബീല്‍ ഇന്നലെയും പരിശോധിച്ചു. ചികില്‍സയില്‍ ഡോ. ബീല്‍ സംതൃപ്തി രേഖപ്പെടുത്തി.പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍, കോണ്‍ഗ്രസ് വക്താവ് ഖുശ്ബു, സിപിഐ നേതാവ് ഡി. പാണ്ഡ്യന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ജയയുടെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു.