ചെന്നൈ • അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിത സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയതായി അണ്ണാ ഡിഎംകെ. ആരോഗ്യനിലയില്‍ ഏറെ പുരോഗതിയുണ്ട്. സാധാരണ പോലെ ഭക്ഷണം കഴിച്ചുതുടങ്ങി. ഏറെ വൈകാതെ ചുമതലകളിലേക്കു തിരിച്ചെത്തുമെന്നും പാര്‍ട്ടി വക്താവ് സി.ആര്‍.സരസ്വതി പറഞ്ഞു.
ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പണ്‍റുത്തി എസ്.രാമചന്ദ്രന്‍ വ്യക്തമാക്കി. ആരോഗ്യനിലയെക്കുറിച്ച് രണ്ടാഴ്ചയായി ആശുപത്രി അധികൃതര്‍ ഒന്നും പറഞ്ഞിരുന്നില്ല.നടി ശാരദ ഇന്നലെ ആശുപത്രിയിലെത്തി. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും ഝാന്‍സി റാണിയെ പോലെ കരുത്തുറ്റ വ്യക്തിയാണു ജയലളിതയെന്നും ശാരദ പറഞ്ഞു.
സെപ്റ്റംബര്‍ 22നാണു ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള രേഖകളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയലളിതയുടെ ഇടതുകൈ വിരലടയാളം പതിപ്പിച്ചതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു സാമൂഹിക പ്രവര്‍ത്തകന്‍ ട്രാഫിക് രാമസാമി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. രേഖകളില്‍ വിരലടയാളം പതിപ്പിക്കുന്നതു തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്നാണു ഹര്‍ജിക്കാരന്റെ വാദം. ഹര്‍ജി കോടതി പരിഗണിക്കാനിരിക്കുന്നതേയുള്ളൂ.അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള ഫോറം എ, ബി എന്നിവയില്‍ ജയലളിതയുടെ ഒപ്പിനു പകരം ഇടതു കൈ വിരലടയാളമാണു പതിപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയോടെയായിരുന്നു ഇത്. ശ്വസനം സുഗമമാക്കാന്‍ ശ്വാസനാളത്തിലേക്കു ട്യൂബ് കടത്തിവിടുന്ന ട്രക്കിയസ്റ്റമിക്കു വിധേയയാക്കിയതിനാല്‍ ജയയുടെ വലതു കയ്യില്‍ നീരുവന്നിരിക്കുകയാണെന്നും ഒപ്പിടാന്‍ കഴിയാത്ത അവസ്ഥയാണെന്നും മദ്രാസ് മെഡിക്കല്‍ കോളജിലെ പ്രഫസര്‍ ഡോ. പി.ബാലാജി സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.