ചെന്നൈ: ജയലളിതയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മറീന ബീച്ചിലേക്ക് പുറപ്പെട്ടു. സംസ്കാരം അല്‍പസമയത്തിനകം. എംജിആറിന്റെ സംസ്കാരം നടത്തിയ മറീനയില്‍ അദ്ദേഹത്തിന്റെ സ്മാരകത്തിനടുത്തായിരിക്കും ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക. ജയലളിതയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികളര്‍പ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന രാജാജി ഭവനിലെത്തിയാണ് മോദി അന്തിമോപചാരം അര്‍പ്പിച്ചത്. രാജാജി ഭവനിലെത്തിയ മോദി, ജയലളിതയുടെ തോഴി ശശികല, മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം എന്നിവരെ കണ്ടു. അണ്ണാ ഡിഎംകെ നേതാക്കളെയും മന്ത്രിമാരെയും ആശ്വസിപ്പിച്ചതിനുശേഷമാണ് മോദി മടങ്ങിയത്.
വസതിയായ പോയസ് ഗാര്‍ഡനില്‍നിന്നു രാജാജി ഹാളിലേക്കു പുലര്‍ച്ചെ തന്നെ ഭൗതിക ശരീരം എത്തിച്ചിരുന്നു. റോഡിനിരുവശത്തും നിരവധിയാളുകളാണ് ‘തമിഴ്നാടിന്റെ അമ്മ’യെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്. രാജാജി ഹാളിലേക്ക് ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ എത്തി. അപ്പോളോ ആശുപത്രിയില്‍നിന്നു പോയസ് ഗാര്‍ഡനിലേക്കു ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വാഹനമെത്തിയപ്പോള്‍ ആയിരക്കണക്കിനു പ്രവര്‍ത്തകരാണു വഴിയോരത്തും വസതിക്കു പുറത്തുമായി തടിച്ചുകൂടിയിരുന്നത്. തീര്‍ത്തും വൈകാരികമായിരുന്നു ജനങ്ങളുടെ പ്രതികരണം. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ നൂറുകണക്കിനു പൊലീസുകാര്‍ക്കു രംഗത്തിറങ്ങേണ്ടിവന്നു. അതിനിടെ, പോയസ് ഗാര്‍ഡനിലേക്കുള്ള വഴിയില്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജയയുടെ അനുയായികള്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. ഇതേത്തുടര്‍ന്നു പൊലീസ് ലാത്തി വീശി.
ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഡല്‍ഹിയില്‍നിന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി തിരിച്ച വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരിച്ചുപറന്നു. വിമാനം വീണ്ടും ചെന്നൈയിലേക്കു തിരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജയയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ജയലളിതയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും എത്തി.പാര്‍ലമെന്റിന്റെ ഇരുസഭകളും ജയലളിതയ്ക്ക് ആദരവര്‍പ്പിച്ച് ഇന്നത്തേക്കു പിരിഞ്ഞു.
ഡിഎംകെ നേതാക്കളായ എം.കെ.സ്റ്റാലിനും കനിമൊലിയും രാജാജി ഹാളിലെത്തി ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. തമിഴ് സിനിമാ ലോകത്തുനിന്ന് നിരവധിപ്പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. പഴയകാല അഭിനേതാക്കാളും എത്തിയിരുന്നു. നടന്‍ രജനീകാന്ത് കുടുംബസമേതമാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചു കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി. ഉത്തരാഖണ്ഡ്, കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങളും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ കച്ചിത്തീവിലുള്ള സെന്റ് ആന്റണീസ് പള്ളിയില്‍ നാളെ നടക്കാനിരുന്ന പെരുന്നാള്‍ ജയയോടുള്ള ആദരസൂചകമായി പിന്‍വലിച്ചു.തമിഴ്നാട്ടില്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മൂന്നു ദിവസം അവധിയാണ്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും ചെന്നൈയിലേക്കെത്തുന്നുണ്ട്. ഇതുമൂലം സുരക്ഷാപ്രശ്നമുണ്ടാകാതിരിക്കാന്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. തമിഴ്നാട്ടില്‍ പലയിടത്തും ബന്ദിന്റെ പ്രതീതിയാണ്. തമിഴ്നാട്ടിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സാന്നിധ്യം ശക്തമാണ്. പൊലീസിനൊപ്പം കേന്ദ്രസേനയും രംഗത്തുണ്ട്. കേരള. കര്‍ണാടക, തെലങ്കാന അതിര്‍ത്തികളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.