ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി

215

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ സംശയം ഉണ്ടെന്നു മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ പെട്ടെന്നുള്ള മരണം സംശയത്തിനിടയാക്കുന്നു. ജയലളിതയുടെ മൃതദേഹം പുറത്ത് എടുത്തു വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിക്കൂടേ എന്ന് ഹൈക്കോടതി ആരാഞ്ഞു. ജയലളിതയുടെ മരണത്തെ കുറിച്ച്‌ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും, തമിഴ്നാട് സര്‍ക്കാരിനും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ജയലളിതയുടെ മരണത്തെ കുറിച്ച്‌ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ആയ പിഎ ജോസഫ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്മാരായ എസ് വൈദ്യനാഥനും, പ്രതിഭനും അടങ്ങിയ ബെഞ്ച് ആണ് ജയലളിതയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് നിരീക്ഷിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്.

പനിയും നിര്‍ജലീകരണവും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ അവസ്ഥ പലതവണ മോശമായിരുന്നു. പിന്നീട് അവര്‍ ജീവിതത്തിലേക്കു തിരിച്ചുവരുന്നതായും, അസുഖം ഭേദപെട്ടതായും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കണ്ടിരുന്നതായി ജസ്റ്റിസ്മാരായ എസ് വൈദ്യനാഥന്‍ നിരീക്ഷിച്ചു. പിന്നീട് പെട്ടെന്നാണ് മരണം സംഭവിച്ചത്. എന്നാല്‍ നിയമപ്രകാരം ആര്‍ഡിഒ മൃതദേഹം കാണേണ്ടതായിരുന്നു. അത് ഉണ്ടായില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ജയലളിതയുടെ ചികിത്സ സംബന്ധിച്ച വിശദംശങ്ങള്‍ ലഭ്യമല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിക്കൂടേ എന്ന് ഹൈക്കോടതി ആരാഞ്ഞു. 1980 ല്‍ മുഖ്യമന്ത്രി എംജി രാമചന്ദ്രന്‍ അസുഖ ബാധിതന്‍ ആയി ചെന്നൈയിലും അമേരിക്കയിലും ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ അക്കാലത്തു സര്‍ക്കാര്‍ ആശുപത്രിയലെ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു എന്നും കോടതി നിരീക്ഷിച്ചു.

ഇതിനിടെ ജസ്റ്റിസ് മാരായ എസ് വൈദ്യനാഥനും, പ്രതിഭനും അടങ്ങുന്ന ബെഞ്ച് ജോസഫിന്റെ ഹര്‍ജി പരിഗണിക്കുന്നതിനെ തമിഴ്നാട് അഡ്വക്കറ്റ് ജനറല്‍ മുത്തുകുമാരസ്വാമി എതിര്‍ത്തു. സാമാനമായ ആവശ്യം സുപ്രീംകോടതിയും, മദ്രാസ് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചും പരിഗണിക്കുന്നുണ്ട് എന്നായിരുന്ന അഡ്വക്കറ്റ് ജനറലിന്റെ വാദം. എന്നാല്‍ ഈ വാദം നിരാകരിച്ചു കൊണ്ടാണ് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും, തമിഴ്നാട് സര്‍ക്കാരിനും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹൈക്കോടതി നോട്ടീസ് അയച്ചത്. ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ എംപിയും എഐഎഡിഎംകെ വിമതയുമായ ശശികല പുഷ്പയും ഹര്‍ജി നല്‍കിയിരുന്നു.
ജയലളിതയുടെ മരണം സംഭവിച്ച അന്നുമുതല്‍ നിരവധി കഥകള്‍ പുറത്തുവരുന്നുണ്ട്. ഈ കഥകളെ തുടര്‍ന്നായിരുന്നു ശശികല പുഷ്പ കോടതിയെ സമീപിച്ചിരുന്നത്. ഇതിനു പുറമേ നടി ഗൗതമിയും കോടതിയെ സമീപിച്ചിരുന്നു. സംശയങ്ങള്‍ ബലപ്പെടുത്തിക്കൊണ്ടാണ് ഹാക്കര്‍ ഗ്രൂപ്പായ ലീജിയന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. അപ്പോളോ ആശുപത്രിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ചു പുറത്തുവന്നാല്‍ ഇന്ത്യയില്‍ കലാപം നടക്കുമെന്നാണ് ലീജിയന്‍ ഗ്രൂപ്പ് വ്യക്തമാക്കിയത്. അപ്പോളോ ആശുപത്രിയുടെ സെര്‍വര്‍ ഹാക്ക് ചെയ്താണ് ലീജിയന്‍ നിര്‍ണായകമായ വിവരം പുറത്തുവിട്ടത്.

വാഷിംഗ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് ലീജിയന്‍ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. അപ്പോളോ ആശുപത്രിയിലെ സെര്‍വറില്‍നിന്നു ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും അവര്‍ വ്യക്തമാക്കി. ഞെട്ടിക്കുന്ന വിവരങ്ങളായതുകൊണ്ടു പുറത്തുവിടുന്ന കാര്യം തീരുമാനിച്ചിട്ടില്ല. പുറത്തുവന്നാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമുള്ള 65 ദിവസത്തോളം നടന്ന സംഭവങ്ങളും കാര്യത്തിന്റെ പുരോഗതിയും സംശയം ജനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടി ഗൗതമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നത്. ചികിത്സ, രോഗം കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍, ഇടയ്ക്ക് പെട്ടെന്നു രോഗം മൂര്‍ച്ഛിച്ചത്, ഹൃദയസ്തംഭനം തുടങ്ങി ഓരോ കാര്യങ്ങളും സംശയം ജനിപ്പിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ എല്ലാം അന്വേഷണം നടത്തി ദുരൂഹത പുറത്തു കൊണ്ടുവരണമെന്നും ഗൗതമി ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY