ചെന്നൈ: തമിഴ്‍നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവും രോഗവിവരങ്ങളും സംബന്ധിച്ച് സംസ്ഥാനസർക്കാർ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതി സംസ്ഥാനസർക്കാരിന് നോട്ടീസയച്ചു. ജയലളിതയുടെ രോഗവിവരങ്ങളടങ്ങിയ രേഖകൾ കോടതിയിൽ സമർപ്പിയ്ക്കാൻ തയ്യാറാണെന്ന് അപ്പോളോ ആശുപത്രി അധികൃതർ ഹൈക്കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് സുന്ദർരാമൻ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവർത്തകർ നൽകിയ രണ്ട് ഹർജികളും, രോഗവിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ ട്രാഫിക് രാമസ്വാമി നൽകിയ ഹർജിയും ഒരുമിച്ചാണ് കോടതി പരിഗണിച്ചത്.
ബന്ധുക്കൾ ജീവിച്ചിരിപ്പുണ്ടെന്നിരിയ്ക്കെ, അവർക്കു പകരം, ജയലളിതയുടെ അസുഖവിവരങ്ങളും മരണകാരണവും തേടി പ്രവർത്തകർ കോടതിയെ സമീപിയ്ക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചു. ജയലളിത ഒരു വ്യക്തിയെന്നതിലുപരി, രാജ്യത്തെ ഏറ്റവും വലിയ പ്രാദേശികപാർട്ടിയുടെ നേതാവായിരുന്നുവെന്നും പൊതുജനപ്രതിനിധിയായ അവർക്കെന്ത് സംഭവിച്ചുവെന്നറിയാൻ അണികൾക്ക് അവകാശമുണ്ടെന്നും അണ്ണാ ഡിഎംകെ പ്രവർത്തകൻ പി എ ജോസഫ് വാദിച്ചു. ജയലളിതയുടെ ചികിത്സാവിവരങ്ങളടങ്ങിയ ഡിസ്ചാർജ് സമ്മറിയും മറ്റ് രേഖകളും കോടതിയിൽ സമർപ്പിയ്ക്കാൻ തയ്യാറാണെന്ന് അപ്പോളോ ആശുപത്രിയുടെ അഭിഭാഷകനും വാദിച്ചു. ഇതേത്തുടർന്നാണ് ജയലളിതയുടെ മരണവും രോഗവിവരങ്ങളും സംബന്ധിച്ച് നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാരിന് ഹൈക്കോടതി നോട്ടീസയച്ചത്. കേസ് ഇനി ഈ മാസം 23 ന് പരിഗണിയ്ക്കും. ജയലളിതയുടെ മരണത്തിൽ തനിയ്ക്ക് പോലും വ്യക്തിപരമായി സംശയമുണ്ടെന്നും ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്നുമാണ് മുൻപ് കേസ് പരിഗണിച്ച ജസ്റ്റിസ് വൈദ്യനാഥൻ അദ്ധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടത്.