ജയലളിതയെ കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

174

ന്യൂഡൽഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതെ കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു നല്കിയ ഹർജി സുപ്രീംകോടതി തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിധിപുറപ്പെടുവിക്കുന്നതിന് മുമ്പ് ജയലളിത മരിച്ചതിനാൽ അവരെ ഒഴിവാക്കിയാണ് സുപ്രീം കോടതി ശിക്ഷ വിധിച്ചത്. ഇത് പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് കർണാടക സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ജയലളിതയെ കുറ്റവാളിയായി പ്രഖ്യാപിക്കാതിരുന്നാൽ വിചാരണ കോടതി പിഴയായി വിധിച്ച 100 കോടി ഈടാക്കാനാവില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു കർണാടക ഹർജി സമർപ്പിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക ഹൈക്കോടതി ജയലളിത, ശശികല, സുധാകരൻ, ഇളവരശി എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഈ വിധി തള്ളി വിചാരണകോടതി വിധി ശരിവെക്കുകയാണ് ഫെബ്രുവരിയിൽ സുപ്രീംകോടതി ചെയ്തത്. ഇതോടെ നാല് വർഷത്തെ തടവിന് ശശികലയേയും ബന്ധുക്കളായ സുധാകരനേയും ഇളവരശിയേയും പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ അടച്ചു. ഫെബ്രുവരി 14ന് വിചാരണകോടതി വിധി ശരിവെച്ചിട്ടും ജയലളിതയെ ഒഴിവാക്കിയ നടപടി പരിശോധിക്കണമെന്നാണ് കർണാടക ആവശ്യപ്പെട്ടത്. ജയലളിതയുടെ വിടുതൽ നീതിന്യായ ചരിത്രത്തിലെ പിശകാണെന്ന് കർണാടക സർക്കാർ ഹർജിയിൽ പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY