ജയലളിത ഓര്‍മ്മയായിട്ട് ഒരു വര്‍ഷം

231

ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. ജയറാം – വേദവല്ലി ദമ്പതികളുടെ മകളായി തമിഴ്നാട്ടില്‍ നിന്നും മൈസൂരിലേക്ക് കുടിയേറിയ ഒരു അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ജയലളിതയുടെ ജനനം. മൈസൂര്‍ രാജാവിന്റെ ഭിഷഗ്വരനായിരുന്നു ജയലളിതയുടെ മുത്തശ്ശന്‍. ജയറാം ഒരു അഭിഭാഷകനായിരുന്നു. ജയലളിതക്ക് രണ്ടു വയസ്സുളളപ്പോഴായിരുന്നു അദ്ദേഹം മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം സ്വന്തം ചുമലിലായ വേദവല്ലി ‘സന്ധ്യ’ എന്ന പേരില്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. ജയലളിതയും മികച്ച കലാകാരിയായിരുന്നു. നാലു വയസ്സുമുതല്‍ അടവു ചവുട്ടിത്തുടങ്ങിയ അവര്‍ വിവിധ നൃത്തരൂപങ്ങളിലും സംഗീതത്തിലും നൈപുണ്യം നേടി. സ്കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയായിരുന്നു അവര്‍. ഉപരിപഠനത്തിനുളള സ്കോളര്‍ഷിപ്പു നേടിക്കൊണ്ടാണ് അവര്‍ ഹൈസ്ക്കൂള്‍തല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്

എം.ജി.രാമചന്ദ്രനോടൊപ്പം ആണ് അവരുടെ സിനിമാ ജീവിതം ആരംഭിച്ചത്, ഇത് അദ്ദേഹവുമായുള്ള അടുപ്പത്തിനു വഴിയൊരുക്കി. 1980-ല്‍ ജയലളിത എം.ജി.ആറിന്റെ എ.ഐ.എ.ഡി.എം.കെ.യില്‍ അംഗമായി, അവരുടെ രാഷ്ട്രീയ പ്രവേശനം മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും താല്‍പര്യമുള്ളതായിരുന്നില്ല. എന്നാല്‍ അവര്‍ക്കെതിരായ വ്യക്തമായ ചേരിതിരിവ് പാര്‍ട്ടിക്കുള്ളിലുണ്ടാവുന്നത് എം.ജി.ആര്‍ അസുഖം മൂലം അമേരിക്കയിലേക്ക് ചികിത്സക്കായി പോയപ്പോഴാണ് ജയലളിത പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഉയരുന്നത്. എം.ജി.ആര്‍. നടപ്പിലാക്കിയ ഉച്ച ഭക്ഷണ പരിപാടിയുടെ ചുമതലയും ലഭിച്ചത് ജയലളിതക്കായിരുന്നു. പിന്നീട് അവര്‍ രാജ്യസഭാംഗമായി. എം.ജി.ആറിന്റെ മരണത്തിന് ശേഷം രാജ്യസഭാംഗമെന്ന സ്ഥാനം രാജിവെച്ച ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നു .പിന്നീട് പല അഴിമതി കേസുകള്‍ പരാജയം, വിജയം, ജയില്‍ വാസം എല്ലാം ഉണ്ടായിട്ടും തിമിഴ് മക്കളുടെ കണ്ണിലുണ്ണിയായി ജയ മാറുകയായിരുന്നു.

മുഖ്യമന്ത്രിയായിരിക്കെ 2016 ഡിസംബര്‍ 5 തിങ്കളാഴ്ച്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണത്തിന് കീഴടങ്ങിയത് .മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന ജെ. ജയലളിത 68 ആം വയസ്സിലാണ് അന്തരിച്ചത് . 2016 സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിച്ച ജയയുടെ രോഗവിവരം ആശുപത്രി പുറത്തു വിട്ടിരുന്നില്ല. മറീന ബീച്ചില്‍ എം.ജി.ആര്‍ സ്മാരകത്തോട് ചേര്‍ന്ന് പൂര്‍ണ്ണ സംസ്ഥാനബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.

NO COMMENTS