ചെന്നൈ: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്നാട്, കര്‍ണാടക സംയുക്ത സമ്മേളനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പങ്കെടുക്കില്ല. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനാലാണ് ജയലളിത യോഗത്തില്‍ പങ്കെടുക്കാത്തത്.കേസ് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാനായി ജയലളിത ചികിത്സയില്‍ കഴിയുന്ന ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ പ്രത്യേക യോഗം നടന്നു. യോഗത്തില്‍ മന്ത്രിമാര്‍ കേസിലെ നിലവിലെ അവസ്ഥ മുഖ്യമന്ത്രിയോട് വിശദീകരിച്ചു.സംയുക്ത യോഗത്തില്‍ തമിഴ്നാടിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ ജയലളിത പൊതുമരാമത്ത് മന്ത്രി എടപ്പാടി പളനിസ്വാമിയെ ചുമതലപ്പെടുത്തി.കേന്ദ്ര സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനുള്ള പ്രസംഗം ജയലളിത പറഞ്ഞുകൊടുത്തതായാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ജയലളിത ആസ്പത്രിയില്‍ കഴിയുകയാണ്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും അധികം വൈകാതെ ആസ്പത്രി വിടുമെന്നുമാണ് ആസ്പത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കാവേരി തര്‍ക്കത്തില്‍ തമിഴ്നാടിന് കര്‍ണാടക ജലം വിട്ടുകൊടുക്കാത്ത സാഹചര്യത്തില്‍ ഇന്ന് സുപ്രീം കോടതി കര്‍ണാടകയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസ് പരിഗണിക്കുന്ന വെള്ളിയാഴ്ചയ്ക്കകം സംയുക്ത സമ്മേളനം വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.