തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു

222

ചെന്നൈ ∙ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത (68) അന്തരിച്ചു. സെപ്റ്റംബർ 22 ന് കടുത്ത പനിയും നിർജലീകരണവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയ്ക്ക് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് ഹൃദയാഘാതമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ.ശരീരത്തിന് ഓക്സിജൻ ലഭ്യമാക്കുന്ന സംവിധാനമായ എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്സിജനേഷന്റെയും (എക്മോ) മറ്റു ജീവൻ രക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെയാണ് കഴിഞ്ഞ 24 മണിക്കൂർ ജയയുടെ ജീവൻ നിലനിർത്തിയത്.

കേന്ദ്രസർക്കാരിന്റെ പ്രത്യേക നിർദേശത്തെ തുടർന്ന് ഡൽഹി എയിംസിൽനിന്നുള്ള നാല് വിദഗ്ധ ഡോക്ടർമാർ ചെന്നൈയിലെത്തിയിരുന്നു. ജയയെ നേരത്തെ ചികിത്സിച്ചിരുന്ന ലണ്ടനിലെ ഡോ. റിച്ചാർഡ് ജോൺ ബീലിന്റെ നിർ‌ദേശമനുസരിച്ചായിരുന്നു ചികിത്സകൾ. എന്നാൽ വൈദ്യസംഘത്തിന്റെ പ്രയത്നങ്ങളും തമിഴ്മക്കളുടെ പ്രാർഥനകളും അപ്രസക്തമാക്കികൊണ്ട് തമിഴകത്തിന്റെ ജയ എന്നന്നേക്കുമായി വിട പറഞ്ഞു.ഗവർണറും സംസ്ഥാന മന്ത്രിമാരും പാർട്ടി നേതാക്കളും മറ്റും ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിക്കു പുറത്ത് ആയിരക്കണക്കിനു പാർട്ടി പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്. കനത്ത പൊലീസ് വലയത്തിലാണ് ആശുപത്രി.

NO COMMENTS

LEAVE A REPLY