ന്യൂഡല്‍ഹി : ജെല്ലിക്കെട്ട് കേസില്‍ വധി പറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് നീട്ടി. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കോടതി വിധി പ്രഖ്യാപിക്കുന്നത് നീട്ടിയത്. തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷം തുടങ്ങുന്നതിന് മുന്‍പ് ജെല്ലിക്കെട്ട് കേസില്‍ വിധി പറയണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീംകോടതി അത് നിരാകരിച്ചിരുന്നു. വിധിയുടെ കരട് തയ്യാറായിട്ടുണ്ടെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജെല്ലിക്കെട്ട് നിരോധനത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ പ്രതിഷേധ സമരങ്ങള്‍ അരങ്ങേറുകയാണെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയെ അറിയിച്ചു. പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രവും തമിഴ്നാടും ചര്‍ച്ച നടത്തി വരികയാണ്. ഈ സാഹചര്യത്തില്‍ വിധി പ്രഖ്യാപിക്കുന്നത് നീട്ടി വയ്ക്കണമെന്നും എ.ജി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വിധി പ്രസ്താവം കോടതി നീട്ടിയത്.
ജെല്ലിക്കെട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ കഴിഞ്ഞ ജനുവരിയിലെ വിജ്ഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഈ കേസ് വിധിപറയാന്‍ മാറ്റിയ സാഹചര്യത്തിലാണ് ഉത്തരവിറക്കണമെന്ന് ഹര്‍ജിക്കാര്‍ അഭ്യര്‍ത്ഥിച്ചത്. തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനുള്ള നിരോധനം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്, പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പേട്ട) എന്നിവയാണ് കോടതിയിലെത്തിയത്. കാളകളെ ഉപയോഗിച്ചുള്ള ജെല്ലിക്കെട്ടിനെ 2014ലാണ് സുപ്രീംകോടതി നിരോധിച്ചത്. എന്നാല്‍ ജെല്ലിക്കെട്ട് പരമ്ബരാഗത കായിക ഇനമാണെന്നും മൃഗങ്ങളെ പീഡിപ്പിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പരമ്ബരാഗത വിനോദമെന്ന പേരില്‍ ജെല്ലിക്കെട്ട് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സുപ്രീംകോടതി. 2009ലെ തമിഴ്നാട് ജെല്ലിക്കെട്ട് നിയന്ത്രണ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി കണ്ടെത്തി.