പത്തനംതിട്ട∙ ദുരൂഹസാഹചര്യത്തിൽ മുക്കൂട്ടുതറയിൽനിന്നു കാണാതായ ജെസ്ന മരിയ ജയിംസിനെക്കുറിച്ചു ലഭിക്കുന്ന വിവരങ്ങളെല്ലാം പരിശോധിക്കുന്നുണ്ടെന്നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍. ജെസ്ന ചെന്നൈയില്‍ എത്തിയിരുന്നെന്ന സൂചനയെത്തുടർന്ന് ആ വിവരങ്ങൾ പരിശോധിച്ചിരുന്നുവെന്നും എന്നാൽ സ്ഥിരീകരണം ഉണ്ടാകാത്തതിനാൽ തുടർ അന്വേഷണം ഉണ്ടായില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. മാർച്ച് 26നു കടയിലെത്തി വഴി ചോദിച്ചു ഫോൺ ചെയ്യുകയായിരുന്നു പെൺകുട്ടിയെന്നാണു സമീപവാസിയായ മലയാളി അലക്സി പറയുന്നത്. വൈകുന്നേരം 7.45നും എട്ടിനും ഇടയിലാണു പെൺകുട്ടിയെ കണ്ടത്. അലക്സിയവിടെ എത്തുമ്പോൾ പെൺകുട്ടി ഫോൺ ചെയ്തു റിസീവർ താഴെ വയ്ക്കുകയായിരുന്നു. സാധനങ്ങൾ വാങ്ങി അലക്സി തിരിച്ചുപോയി. പെൺകുട്ടി കമ്മൽ ഇട്ടിരുന്നില്ല, കണ്ണടയും വച്ചിട്ടുണ്ടായിരുന്നു. കമ്മലിടാത്തതിനാൽ കുട്ടിയെ ഓർമയിലിരുന്നു. പിറ്റേന്നു രാവിലെ വാർത്ത നോക്കുമ്പോഴാണു ജെസ്നയുടെ സംഭവം ശ്രദ്ധയിൽപ്പെടുന്നത്. തിരിച്ചു കടയിലെത്തി കടക്കാരനു ജെസ്നയുടെ ഫോട്ടോ കാണിച്ചുകൊടുത്തപ്പോൾ അവരും പെൺകുട്ടിയെ തിരിച്ചറിഞ്ഞു. ഈ വിവരം മാര്‍ച്ച് 27ന് ഉച്ചയ്ക്കു തന്നെ എരുമേലി പൊലീസിൽ വിവരം നൽകിയിരുന്നു.കാണാതായി മൂന്നാംദിവസം ചെന്നൈ അയനാപുരത്ത് ജെസ്നയെ കണ്ടതായി പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്ന് ആരോപണമുയർന്നിരുന്നു. അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയിൽനിന്നു ജെസ്ന ഫോൺ ചെയ്തെന്നു കടയുടമയും സമീപവാസിയായ മലയാളിയും സാക്ഷ്യപ്പെടുത്തുന്നു.