ജറുസലം • യേശുക്രിസ്തുവിന്റെ കല്ലറയ്ക്കുള്ളിലെ മാര്‍ബിള്‍ ഫലകം നൂറ്റാണ്ടുകള്‍ക്കുശേഷം ശാസ്ത്രജ്ഞര്‍ മാറ്റി. ഗവേഷണം നടത്തുന്നതിന്‍റെ ഭാഗമായാണിത്. യേശുവിന്‍റെ മൃതദേഹം കിടത്തിയതെന്നു കരുതുന്ന കല്ലറയ്ക്കുള്ളിലെ ശില കണ്ടെത്തി അതു ശാസ്ത്രീയ പഠനത്തിനു വിധേയമാക്കാനാണു ശ്രമമെന്നു നാഷനല്‍ ജിയോഗ്രഫിക് സൊസൈറ്റി പുരാവസ്തു ഗവേഷകന്‍ ഫ്രെഡറിക് ഹൈബെര്‍ട്ട് അറിയിച്ചു. റോമന്‍ ചക്രവര്‍ത്തി കൊണ്‍സ്റ്റന്റയിന്‍റെ മാതാവ് ഹെലിനയാണ് എഡി 326ല്‍ യേശുവിന്‍റെ കല്ലറ കണ്ടെത്തിയതെന്നാണു കരുതുന്നത്. അവിടെ യേശുവിന്‍റെ മൃതദേഹം കിടത്തിയതെന്നു കരുതുന്ന ശില ഭദ്രമായി സംരക്ഷിക്കാനായി ആ ഭാഗം മാര്‍ബിള്‍ ഫലകം കൊണ്ടുമൂടി. കുറഞ്ഞത് എഡി 1555 മുതല്‍ ഈ ഫലകം അവിടെയുണ്ട്. ഈ മാര്‍ബിള്‍ ഫലകം മാറ്റി യേശുവിന്‍റെ മൃതദേഹം കിടത്തിയതെന്നു കരുതുന്ന യഥാര്‍ഥ ശില കണ്ടെത്തി അതിനെ ശാസ്ത്രീയ പരീക്ഷണത്തിനു വിധേയമാക്കാനാണു പുരാവസ്തു ഗവേഷകരും ശാസ്ത്രജ്ഞരും ശ്രമിക്കുന്നത്. ഇതു ദീര്‍ഘനാളത്തെ ശാസ്ത്രീയപഠനം ആവശ്യമായ സംരംഭമാണ്. എന്നാല്‍ ആദ്യമായി നടക്കുന്ന ഈ ശാസ്ത്രീയപഠനം കല്ലറയെക്കുറിച്ച് ഒട്ടേറെ വിവരങ്ങള്‍ പുറത്തു കൊണ്ടുവരുമെന്നാണു കരുതുന്നതെന്നു ഫ്രെഡറിക് ഹൈബെര്‍ട്ട് പറഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് 1808-1810 കാലഘട്ടത്തില്‍ കല്ലറ ഭാഗികമായി പുനര്‍നിര്‍മിച്ചിരുന്നു. ഈ ഭാഗങ്ങളും പഠനത്തിനു വിധേയമാക്കും. കല്ലറയ്ക്കുള്ളില്‍ നടത്തുന്ന എല്ലാ പരീക്ഷണങ്ങളും കൃത്യമായി ചിത്രീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.