മലപ്പുറം : ജിന്ന് ചികിത്സയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കരുളായിയിയില്‍ യുവാവ് മരണപ്പെടാനിടയായത് മത നേതൃത്വങ്ങളുടെ കണ്ണു തുറപ്പിക്കണമെന്നും കേരളത്തിൽ അന്ധവിശ്വാസത്തിന്‍റെ ബലിയാടുകള്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ എത്രയും പെട്ടെന്ന് കൊണ്ടുവരണമെന്നും ഐ എസ് എം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
ജിന്ന് ചികിത്സ, പിശാചിനെ അടിച്ചിറക്കല്‍, സിഹ്റ്(മാരണം) തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ ഇറക്കുമതി ചെയ്ത് പ്രചരിപ്പിച്ചവര്‍ കരുളായിയിലെ ജിന്ന് ചികിത്സാ കൊലപാതകത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. ആഭിചാരത്തിന് ഫലസിദ്ധിയുണ്ടെന്ന് പ്രചാരണം നടത്തുന്നവർ സമുദായത്തോട് ചെയ്യുന്ന ദ്രോഹം ബോധ്യം വരാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല.
യുവാവിന്‍റെ മരണത്തിന് കാരണക്കാരായ ജിന്ന് ചികിത്സകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതോടൊപ്പം ജിന്ന് ചികിത്സ, പിശാചിനെ അടിച്ചിറക്കില്‍, മാരണം, കൂടോത്രം(സിഹ്ര്‍) തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ അവസരമൊരുക്കിയവരെ തുറന്നു കാണിക്കുകയും ചെയ്യണമെന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന ധര്‍ണ ആവശ്യപ്പെട്ടു.
സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ സമരം എം വിന്‍ സെന്‍റ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫുക്കാര്‍ അലി, ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, സുബൈര്‍ അരൂര്‍ (കെ എന്‍ എം മര്‍കസുദ്ദഅ്വ സൗത്ത്സോണ്‍ സക്രട്ടറി), നാസിറുദ്ദീന്‍ ഫാറൂഖി, ഷമീര്‍ ഫലാഹി, അബ്ദുല്ലത്തീഫ്, മുഹമ്മദ് ശരീഫ്, ഡോ. മുഹമ്മദ് ബാവ, സി എ അനീസ്, അബ്ദുസ്സമദ് കൊല്ലം, സഹദ് കൊല്ലം എന്നിവർ പ്രസംഗിച്ചു.