ന്യൂഡല്‍ഹി • റിലയന്‍സ് ജിയോ എന്ന പുതിയ മൊബൈല്‍ ടെലികോം കമ്പനിക്ക് ഇന്റര്‍കണക്ഷന്‍ സൗകര്യം നിഷേധിച്ചതിനു ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ സെലുലാര്‍ എന്നിവയ്ക്കു മൊത്തം 3050 കോടി രൂപ ട്രായ് പിഴചുമത്തി. എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവയ്ക്ക് 21 സര്‍ക്കിളുകള്‍ക്ക് 50 കോടിവീതവും ഐഡിയയ്ക്കു 19 സര്‍ക്കിളുകള്‍ക്ക് ഇതേ നിരക്കിലുമാണു പിഴചുമത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനു സേവനം ആരംഭിച്ച റിലയന്‍സ് ജിയോ ഈ രംഗത്തു നേരത്തേ മുതലുള്ള കമ്പനികള്‍ സഹകരിക്കുന്നില്ലെന്ന് ആരോപിച്ചു ട്രായിയെ സമീപിക്കുകയായിരുന്നു. പിഴ ചുമത്തിയതിനെക്കുറിച്ചു പ്രതികരിക്കാന്‍ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ തയാറായില്ല.