മുംബൈ• നിലവില്‍വന്നു മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ തരംഗം തീര്‍ത്ത 4ജി ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ, അവരുടെ വെല്‍ക്കം ഓഫറിന്റെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. ഇതോടെ റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫറുകള്‍ 2017 മാര്‍ച്ച് 31 വരെ ലഭ്യമാകും. 2016 ഡിസംബര്‍ വരെയാണ് ആദ്യം ഓഫര്‍ കാലാവധി പ്രഖ്യാപിച്ചിരുന്നത്. പഴയ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഇതോടെ ഡേറ്റ അടക്കം റിലയന്‍സ് ജിയോയുടെ എല്ലാ സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് 31 വരെ സൗജന്യമായി ലഭ്യമാകും. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ആധാര്‍ നമ്ബര്‍ ഉപയോഗിച്ച് മിനിട്ടുകള്‍ക്കകം സിം ആക്ടിവേഷന്‍ സാധ്യമാക്കുന്ന ഇ-കെവൈസി സംവിധാനം റിലയന്‍സ് 3100 കേന്ദ്രങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. റിലയന്‍സ് ജിയോ നിലവില്‍വന്ന സെപ്റ്റംബര്‍ അഞ്ചു മുതലുള്ള 83 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചു കോടിയിലധികം പേരാണ് ഇതിന്റെ വരിക്കാരായത്. രാജ്യത്തെ പ്രമുഖ സേവനദാതാക്കളായ എയര്‍ടെല്‍ 12 വര്‍ഷമെടുത്താണ് ഇത്രയും വരിക്കാരെ നേടിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഡിയയ്ക്കും വൊഡാഫോണിനും ഇത്രയും വരിക്കാരെ നേടാന്‍ 13 വര്‍ഷവും വേണ്ടിവന്നു.