ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ സൗജന്യ ഓഫര്‍ നീട്ടിയ നടപടി പിന്‍വലിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ജിയോ പ്രൈം അംഗത്വം നേടി 303 രൂപയ്ക്കോ അതിനു മേലുള്ള തുകയ്ക്കോ ഉള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കാണ് മൂന്നു മാസം കൂടി സൗജന്യ ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ജിയോ സമ്മര്‍ സര്‍പ്രൈസ് എന്ന പേരില്‍ പ്രഖ്യാപിച്ച ഓഫര്‍ പിന്‍വലിക്കാനാണ് ട്രായ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 31ന് ജിയോ സൗജന്യ ഓഫര്‍ അവസാനിക്കാനിരിക്കെയാണ് ജിയോ സമ്മര്‍ സര്‍പ്രൈസ് പ്രഖ്യാപിച്ചത്. ജിയോ പ്രൈം മെമ്ബര്‍ഷിപ്പിനുള്ള കാലാവധി ഏപ്രില്‍ 15 വരെ നീട്ടുകയും ചെയ്തിരുന്നു. പ്രൈം മെമ്ബര്‍ഷിപ്പ് കാലാവധി നീട്ടിയ നടപടിയും പിന്‍വലിക്കാന്‍ ട്രായ് നിര്‍ദേശിച്ചിട്ടുണ്ട്. ട്രായ് നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് ജിയോ അറിയിച്ചു.