പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ച സംഭവത്തില്‍ റിലയന്‍സ് ജിയോയും പേടിഎമ്മും മാപ്പു പറഞ്ഞു

265

ന്യൂഡല്‍ഹി: പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ച സംഭവത്തില്‍ റിലയന്‍സ് ജിയോയും പേടിഎമ്മും മാപ്പു പറഞ്ഞു. കഴിഞ്ഞ മാസം സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇരുകമ്പനികള്‍ക്കും നോട്ടീസ് അയച്ചിരുന്നു. 1950ലെ പേരുകളും എംബ്ലങ്ങളും സംരക്ഷിക്കുന്ന നിയമത്തിന്റെ ലംഘനമാണ് ഇരുകമ്പനികളും നടത്തിയതെന്ന് ആരോപിച്ചായിരുന്നു സര്‍ക്കാറിന്റെ നോട്ടീസ്. 1950ലെ നിയമപ്രകാരം വാണിജ്യാവശ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ചിത്രമോ പേരോ ഉപയോഗിക്കുന്നത് തെറ്റാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഐക്യരാഷ്ട്രസഭ, അശോക്ചക്ര-ധര്‍മചക്ര മുദ്രകള്‍ തുടങ്ങി 36ഓളം പേരുകളും ചിഹ്നങ്ങളും സര്‍ക്കാര്‍ അനുമതി കൂടാതെ പരസ്യത്തിനായി ഉപയോഗിക്കാന്‍ പാടില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി വാങ്ങാതെ അദ്ദേഹത്തിന്റെ ചിത്രം അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ പരസ്യത്തിനായി ഉപയോഗിച്ച നടപടി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇന്ത്യയില്‍ സേവനം ആരംഭിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള പരസ്യം ജിയോ നല്‍കിയിരുന്നു. നോട്ട് പിന്‍വലിക്കലിന് ശേഷം ഇ-വാലറ്റുകള്‍ ഉപയോഗിക്കണമെന്ന മോദിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പേടിഎമ്മും പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് പരസ്യം നല്‍കുകയായിരുന്നു. ഇതാണ് വിവാദമായും കമ്പനികളെ മാപ്പ് പറയുന്നതിലേക്ക് വരെ കൊണ്ടു ചെന്നെത്തിച്ചതും.

NO COMMENTS

LEAVE A REPLY