കൊച്ചി: ജിഷ വധക്കേസില്‍ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെ കേസില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു കോടതിയില്‍ ഹര്‍ജി നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊണ്ട് പാപ്പു ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി തുടരന്വേഷണം നടത്തണമെന്ന പാപ്പുവിന്‍റെ ആവശ്യത്തില്‍ നാളെ വാദം കേള്‍ക്കും. ജിഷവധക്കേസിലെ അന്വേഷണസംഘത്തിന്‍റെ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പാപ്പു പറയുന്നത്. ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ട്. ജിഷയെ വധിക്കാനുപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. പ്രതിയായ ആമീര്‍ ഉള്‍ ഇസ്ലാം ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന പോലീസ് വാദം വിശ്വസിക്കാന്‍ സാധിക്കില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പാപ്പു പറയുന്നു.