ജിഷ വധക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങും

219

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങും. ആദ്യ ദിവസം രണ്ടു സാക്ഷികളുടെ മൊഴിയെടുക്കും. പെരുമ്പാവൂര്‍ സ്വദേശിയും നിയമവിദ്യാര്ത്ഥിനിയുമായ ജിഷയെ ഏപ്രിലില്‍ 28ന് വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി മാനഭംഗപ്പെടുത്തുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. 1500 പേജുളള കുറ്റപത്രത്തില്‍ അമീര്‍ ഉള്‍ ഇസ്ലാം മാത്രമാണ് പ്രതി. അഞ്ചു മാസം നീണ്ട അന്വേഷണ നടപടികള്‍ക്കു ശേഷമാണ് വിചാരണയിലേക്ക് കടക്കുന്നത്. അവധി ദിവസങ്ങള്‍ ഒഴിവാക്കി വിചാരണ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണവേളയില്‍ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ പഴുതടച്ചുളള നീക്കങ്ങളാണ് പ്രോസിക്യൂഷന്‍ വിചാരണവേളയില്‍ നടത്തുക. ഡിഎന്‍എ അടക്കമുളള ശാസ്ത്രീയ തെളിവുകളില്‍ ഊന്നിയാകും കേസ് വാദിക്കുക. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ കഴിഞ്ഞതും കേസിന് ബലം നല്‍കുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. സൗമ്യക്കേസില്‍ പ്രതിക്കു വേണ്ടി ഹാജരായ അഡ്വ ആളൂരാണ് അമീറിനു വേണ്ടി ഹാരജരാകുക. ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ അമീറിനെ എളുപ്പത്തില്‍ രക്ഷപ്പെടുത്താമെന്നാണ് പ്രതിഭാഗം കണക്കുകൂട്ടുന്നത്. അതേസമയം അഡ്വ ആളൂരിനെ കോടതിയില്‍ കയറ്റില്ല എന്ന് ദളിത് പ്രതികരണ വേദി അറിയിച്ചു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ കുറ്റപത്രത്തില്‍ 195 സാക്ഷിമൊഴികളും 125 ശാസ്ത്രീയ തെളിവുകളും 70 തൊണ്ടി മുതലുകളുമുണ്ട്. ഇന്ന് തുടങ്ങുന്ന ജനുവരി 23ന് പൂര്‍ത്തിയാകും.

NO COMMENTS

LEAVE A REPLY