കൊച്ചി• ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ ഇന്ന് പെരുമ്ബാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യംചെയ്യലിനും തെളിവുശേഖരിക്കലിനുമായി 15 ദിവസം പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. അനൗദ്യോഗികമായി ഡിഎന്‍എ പരിശോധന നടത്തിയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. എന്നാല്‍ കോടതിയില്‍ നിന്ന് അനുമതി വാങ്ങി നിയമപരമായ പരിശോധന കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തിരിച്ചറിയല്‍ പരേഡ് നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ജിഷ വധക്കേസില്‍ അറസ്റ്റിലായ പ്രതി അമീറുല്‍ ഇസ്ലാം താമസിച്ചിരുന്നത് ജിഷയുടെ വീടിന് അരക്കിലോമീറ്റര്‍ അകലത്തിലുള്ള കെട്ടിടത്തില്‍.
ജിഷയെ കൊല്ലാന്‍ ഉപയോഗിച്ചിരുന്ന കത്തിയും പ്രതിയുടെ വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി. മേയ് 28ന് സന്ധ്യയ്ക്കാണ് അമീറുല്‍ ഇവിടെ നിന്നും നാട്ടിലേക്കെന്ന് പറഞ്ഞു പോയതെന്ന് കൂടെ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശി പറഞ്ഞു. പ്രതിയുടെ ബന്ധുവായ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി അമീറുല്‍ നല്‍കിയ മൊഴിയുെട അടിസ്ഥാനത്തിലാണ് കത്തി തേടി രാത്രി എട്ടരയോടെ പൊലീസ് സംഘം ഇരിങ്ങല്‍ വൈദ്യശാലപടിയിലെ ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന മൂന്ന് നില കെട്ടിടത്തിലെത്തിയത്. ഇതിനോടു ചേര്‍ന്നുള്ള നിര്‍മാണം പൂര്‍ത്തിയാകാത്ത െകട്ടിടത്തിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് കത്തി കണ്ടെത്തി. വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് ഒപ്പം താമസിക്കുന്ന ബന്ധുവിനെ ഏല്‍പിച്ചതായും അമീറുല്‍ ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു.
കൊലനടത്തിയ സമയം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബാഗില്‍ നിന്ന് കണ്ടെത്താനായില്ല. ഇതിനെതുടര്‍ന്നാണ് ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തത്. അമീറുല്ലിന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകനാണ് ഈ യുവാവ്. കൊല നടന്ന ദിവസം സന്ധ്യയ്ക്കാണ് അമീറുല്‍ ഇവിടെനിന്ന് പോയത്. വൈകിട്ട് തങ്ങള്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ മുറിയില്‍ മദ്യപിച്ചിരിക്കുകയായിരുന്നു അമീറുല്‍ എന്നും ഒപ്പം താമസിച്ചിരുന്ന ആള്‍ പറഞ്ഞു.
ജിഷയുടെ മരണത്തെ തുടര്‍ന്ന് ഇതരസംസ്ഥാനതൊഴിലാളി ക്യാംപുകളില്‍ കാടടച്ച് പരിശോധന നടത്തിയ പൊലീസ് സംഘം പക്ഷേ ഇവിടെയെത്തിയിരുന്നില്ല. പ്രതിപിടിയിലായതിനെ തുടര്‍ന്ന് പുതിയതായി താമസത്തിനെത്തിയ ഇതരസംസ്ഥാനക്കാരോട് ഇവിടെ നിന്ന് ഒഴിഞ്ഞുപോകാനും കെട്ടിട ഉടമ ആവശ്യപ്പെട്ടിട്ടുണ്ട്. അസം, ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍ നിന്നുള്ള അന്‍പതോളം തൊഴിലാളികളാണ് വൈദ്യശാലപടിയിലെ റോഡ് വക്കിലുള്ള മൂന്ന് നില കെട്ടിടത്തില്‍ കഴിയുന്നത്.