കൊച്ചി: കുപ്രസിദ്ധമായ ജിഷ വധക്കേസ് വിധി പ്രസ്താവിച്ചു. പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് എറണാകുളം സെഷന്‍ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. അസം നോഗണ്‍ സ്വദേശിയായ അമിറുള്‍ ഇസ്ലാം മാത്രമാണ് കേസിലെ ഏക പ്രതി. കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, വീട്ടില്‍ അതിക്രമിച്ച് കയറുക, ദളിത് പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ വിചാരണ നടത്തിയത്.
കൊലയ്ക്കുപയോഗിച്ച കത്തിയില്‍ നിന്നും പ്രതിയുടെ ചെരിപ്പില്‍ നിന്നുമടക്കം വേര്‍തിരിച്ചെടുത്ത അഞ്ച് ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട്. പ്രതിയുടെ കൈ വിരലിലുണ്ടായ മുറിവ് ജിഷ കടിച്ചതാണെന്ന ഡോക്ടറുടെ മൊഴി, അയല്‍വാസിയുടെ മൊഴി എന്നിവയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. നൂറു സാക്ഷികളെ വിസ്തരിച്ചു. 291 രേഖകളും 39 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്ത് നിന്ന് അഞ്ച് സാക്ഷികളെ വിസ്തരിക്കുകയും 19 തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. അഡ്വ ആളൂരാണ് പ്രതിയ്ക്ക് വേണ്ടി കോടതിയില്‍ വാദിച്ചത്.
2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ അമ്മ രാജേശ്വരിയാണ് മകള്‍ കൊല്ലപ്പെട്ടതായി കണ്ടത്. പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ടില്‍ ജിഷ ക്രൂരമായ പീഡനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെയാണ് കേസ് വിവാദമാകുന്നത്.