തൃശൂര്‍: നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് മരിച്ച സംഭവത്തിൽ മൂന്നും നാലും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ അഡീഷണൽ സെഷൻസ് കോടതി തള്ളി. വൈസ് പ്രിൻസിപ്പാൾ എൻ കെ ശക്തിവേൽ, അധ്യാപകനായ സി പി പ്രവീൺ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജാമ്യം നൽകിയാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ സഞ്ജിത് വിശ്വനാഥന്‍റെ ജാമ്യാപേക്ഷയും ഇതേ കോടതി തള്ളിയിരുന്നു. പ്രതികളെ ആരെയും പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.