കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ ഡിജിപി ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍ സമരം തുടങ്ങാനാണ് തീരുമാനം. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇനിയും ആരേയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നത്. ഈ സങ്കടത്തിന് പരിഹാരമാകാത്തതിനാലാണ് ജിഷ്ണുവിന്റെ രക്ഷിതാക്കള്‍ സമരത്തിനിറങ്ങുന്നത്. ജിഷ്ണു മരിച്ചിട്ട് 75 ദിവസമാകുന്നു. മരണത്തില്‍ നെഹ്റു കേളോജ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ പങ്ക് ഉള്‍പ്പടെ വ്യക്തമായിട്ടും ആരേയും അറസ്റ്റ് ചെയ്യാനായില്ലെന്നാണ് കുടുംബത്തിന്റെ പരാതി. നേരത്തെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സിപിഎമ്മിന്റെ സമ്മര്‍ദ്ദ ഫലമായി പാര്‍ട്ടി കുടുംബം അതില്‍ നിന്ന് പിന്മാറിയിരുന്നു.
തുടര്‍ന്നാണ് മുഖ്യമന്ത്രിയെ കാണാന്‍ ജിഷ്ണുവിന്റെ അമ്മ മഹിജക്ക് അവസരമൊരുങ്ങിയത്. പോലീസിന്റേതുള്‍പ്പെടെ കേസില്‍ സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിവേദനവും നല്‍കി. ഇക്കാര്യത്തിലും നടപടിയന്നുമായില്ല. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ ഓഫീസിന് മുന്നിലേക്ക് സമരവുമായി ജിഷ്ണുവിന്റെ കുടുംബം നീങ്ങുന്നത്.കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി വരുന്ന തിങ്കളാഴ്ച മുതല്‍ സമരം തുടങ്ങും.