സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രശ്നങ്ങളെ കുറിച്ച് സമഗ്ര പഠനത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമ നിര്‍മ്മാണം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായ ധനം നല്‍കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തു. അതേസമയം കൊച്ചിയില്‍ എന്‍ജിനീയറിംഗ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗ സ്ഥലത്തേക്ക് കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷമായി.
പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവം അതീവഗൗരവമെന്നാണ് മന്ത്രിസഭാ യോഗം വിലയിരുത്തിയത്. സാങ്കേതിക സര്‍വ്വകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കോപ്പിയടിച്ചെന്ന വാദം തെളിയിക്കാന്‍ കോളേജിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. സ്വാശ്രയ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് എന്‍ജിനീയറിംഗ് കോളേജുകളെ കുറിച്ച് വ്യാപകമായ പരാതിയാണ് രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സമഗ്ര അന്വേഷണത്തിന് സമിതിയെ നിയോഗിക്കാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി.
പാമ്പാടി നെഹ്റു കോളേജിലെത്തി വസ്തുതാന്വേഷണത്തിന് തയ്യാറാണെന്ന് സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചു. പ്രതിഷേധം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പ്രസിഡന്റ് പ്രഫ. ജോറി മത്തായി ആവശ്യപ്പെട്ടു. അതിനിടെ അസോസിയേഷന്‍ യോഗ വേദിയിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.