തൃശ്ശൂര്‍: ജിഷ്ണു പ്രണോയ് പരീക്ഷയില്‍ കോപ്പിയടിച്ചിരുന്നെന്ന ആരോപണം ആവര്‍ത്തിച്ച് ഇന്ന് അറസ്റ്റിലായ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍. പരീക്ഷക്ക് കോപ്പിയടിച്ചിരുന്നെന്നും എന്നാല്‍ ജിഷ്ണുവിന്റെ ഭാവിയെക്കരുതി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ശക്തിവേല്‍ ആവര്‍ത്തിച്ചു. കോയമ്പത്തൂരില്‍ നിന്ന് 50 കിലോമീറ്ററോളം അകലെ അന്നൂരില്‍ നിന്നാണ് ഇന്ന് ഉച്ചയോടെ പൊലീസ് സംഘം ശക്തിവേലിനെ പിടികൂടിയത്. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ നിരാഹാര സമരത്തെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ അന്വേഷണ സംഘം ശക്തിവേലിനെ കണ്ടെത്താനായി വ്യാപകമായ തെരച്ചിലാണ് ഇന്ന് നടത്തിയത്. മൊബൈല്‍ സിഗ്നലുകള്‍ പിന്തുടര്‍ന്നാണ് ഇയാള്‍ കോയമ്പത്തൂരില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇരുനൂറോളം വീടുകളില്‍ പരിശോധന നടത്തി. തമിഴ്നാട് പൊലീസിന്റെ സഹകരണത്തോടെയാണ് ഒരു സുഹൃത്തിന്റെ ഫാം ഹൗസില്‍ കഴിയുകയായിരുന്ന ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തൃശ്ശൂര്‍ പൊലീസ് ക്ലബ്ബില്‍ എത്തിച്ചാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. അദ്യ ഘട്ടത്തില്‍ അന്വേഷണത്തോട് സഹകരിക്കാതിരുന്ന ഇയാള്‍ പിന്നീട് അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. സംഭവം നടന്ന് ദീര്‍ഘനാള്‍ കഴിഞ്ഞതിനാല്‍ പ്രതികള്‍ക്ക് കെട്ടുകഥകളുണ്ടാക്കാന്‍ സമയം കിട്ടിയിരുന്നെന്നും ആരോപണമുയരുന്നുണ്ട്.