കോഴിക്കോട് : ഡി.ജി.പിയെ കാണാന്‍ ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങൾ തിരുവനതപുരത്ത് എത്തും. ബുധനാഴ്ച രാവിലെ 10 മണിക്കാണ് പോലീസ് അസ്ഥാനത്തെത്തി ഡി.ജി.പിയെ കാണാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. ജിഷ്ണുവിന്റെ മരണം നടന്നിട്ട് ആറ് മാസത്തോളമായെങ്കിലും തങ്ങള്‍ക്ക് ഇതുവരെ നീതിലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതല്‍ കേസ് അട്ടിമറിക്കാനാണ് അന്വേഷിച്ച എല്ലാവരും ശ്രമിച്ചത്. കേസ് മനപൂര്‍വ്വം ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിക്കുന്നതായും അശോകന്‍ ആരോപിച്ചു. കഴിഞ്ഞമാസം ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ കാണാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജ അടക്കമുള്ളവരെ പോലീസ് മര്‍ദിക്കുകയും തുടര്‍ന്ന് നിരാഹാര സമരത്തിലേക്ക് പോവുകയും ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് പിന്നീട് കുടുംബം ആരോപിച്ചിരുന്നു. വേനല്‍ അവധി കഴിഞ്ഞ് സുപ്രിംകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ബുധനാഴ്ച ഡി.ജി.പി ടി.പി സെന്‍കുമാറുമായി കൂടിക്കാഴ്ച നടത്തുന്നത്.