തിരുവനന്തപുരം: ആരോഗ്യനില മോശമായതിനാല്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് ഡ്രിപ്പ് സ്വീകരിക്കുന്നത് അവര്‍ മണിക്കൂറുകളോളം നിര്‍ത്തിവച്ചിരുന്നു. മഹിജയും സഹോദരനും ജ്യൂസും ആഹാരവും കഴിക്കുന്നുവെന്ന പ്രചാരണത്തില്‍ പ്രതിഷേധിച്ചാണ് ഇരുവരും ഡ്രിപ്പ് സ്വീകരിക്കുന്നതും മരുന്നുകള്‍ കഴിക്കുന്നതും നിര്‍ത്തിയത്. തുടര്‍ന്ന് ആരോഗ്യനില വഷളായ സാഹചര്യത്തിലാണ് മഹിജയെ ഐസിയുവിലേക്ക് മാറ്റിയത്. പോലീസ് നടപടിക്കിടെ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഇരുവരും ചികിത്സയില്‍ കഴിയുന്നത്. പത്ത് ദിവസത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ ഇരുവര്‍ക്കും നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആശുപത്രിയിലും മഹിജയും കുടുംബവും ബക്ഷണം കഴിക്കാതെ നിരാഹാര സമരം ശക്തമാക്കിയിരുന്നു. അതിനിടെ, വളയത്തെ വീട്ടില്‍ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അവരെ ആസ്പത്രിയിലേക്ക് മാറ്റിയേക്കും. കോഴിക്കോട് റൂറല്‍ എസ്പി പുഷ്കരന്‍ ഇന്ന് വളയത്തെ വീട്ടിലെത്തി അവിഷ്ണയെ സന്ദര്‍ശിച്ചു. തന്നെ ആസ്പത്രിയിലേക്ക് മാറ്റരുതെന്നും ജിഷ്ണു കേസിലെ പ്രതികളെ പിടികൂടാത്തപക്ഷം മരണംവരെ നിരാഹാര സമരം നടത്തുമെന്നും അവിഷ്ണ റൂറല്‍ എസ്.പിയോട് പറഞ്ഞു.