ഒളിവിൽ കഴിയാൻ കൃഷ്ണദാസ് സഹായിച്ചെന്ന് കേസില്‍ അറസ്റ്റിലായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്‍റെ മൊഴി . ഒളിവിൽ കഴിയുന്നതിനിടെ ഒരുതവണ സന്ദർശിച്ചു . നിയമസഹായം ഏർപ്പാടാക്കിയത് കൃഷ്ണദാസെന്നും ശക്തിവേൽ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇന്നലെ കോയമ്പത്തൂരിൽ നിന്ന് പിടിയിലായ ശക്തിവേലിനെ പുലർച്ചെ ഒരു മണിയോടെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. ശക്തിവേലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. ഒളിവിൽ കഴിയുന്ന പ്രവീണിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും പൊലീസ് ആവശ്യപ്പെടും. ഇതിൻമേലും ഇന്ന് വിധിയുണ്ടാകും. ശക്തിവേലും പ്രവീണും സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാൽ പ്രവീണിന്‍റെ ആവശ്യത്തെ സർക്കാർ പൂർണമായി കോടതിയിൽ എതിർക്കും. അതേ സമയം പ്രവീണിനായി അന്വേഷണ സംഘം നാസിക്കിൽ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.