തൃശ്ശൂര്‍: പാമ്പാടി നെഹ്രു കോളേജിലെ ആത്മഹത്യ ചെയ്ത എന്‍ജിനിയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മുഖത്ത് മൂന്ന് മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജിഷ്ണുവിന്‍റെ മൂക്കിന്‍റെ പാലത്തിലും മേല്‍ചുണ്ടിലും കീഴ്ചുണ്ടിലുമാണ് മുറിവുകള്‍ ഉണ്ടായിരുന്നതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവുകള്‍ ആഴത്തിലുള്ളതല്ല. മരണ കാരണവും ഈ മുറിവുകളല്ല. എന്നാല്‍, ഇവ എങ്ങനെ ഉണ്ടായെന്നകാര്യം വ്യക്തമായിട്ടില്ല. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ഥിയായ ഡോക്ടര്‍ റെജി ജോസഫാണ് പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. അതിനിടെ, ജിഷ്ണു തൂങ്ങിമരിക്കാന്‍ ഉപയോഗിച്ച വസ്തു പോസ്റ്റുമോര്‍ട്ടത്തിന് എത്തിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.