ദില്ലി: ജിഷ്ണു പ്രണോയ് കേസ് ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി. ജിഷ്ണു പ്രണോയ് കേസില്‍ നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെയും ഷഹീര്‍ ഷൗക്കത്തലി കേസില്‍ കൃഷ്ണദാസിന്റെയും ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആണ് സുപ്രീം കോടതി നിരീക്ഷണം. ജിഷ്ണു പ്രണോയ് കേസ് ഗൗരവമേറിയ വിഷയമാണെന്ന് ജസ്റ്റിസുമാരായ എം വി രമണ, പി സി പന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കൃഷണദാസിനും ശക്തിവേലിനും ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും അല്ലെങ്കില്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ ഉപാധികളില്‍ ചിലത് റദ്ദാക്കണം എന്നും നരസിംഹ ആവശ്യപ്പെട്ടു. ഇതടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കുമെന്ന് ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇതിനിടയില്‍ ഷഹീര്‍ ഷൗക്കത്തലി കേസും ജിഷ്ണു പ്രണോയ് കേസും വ്യത്യസ്തം ആണെന്ന് കൃഷ്ണദാസിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വേനല്‍ അവധിക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും.