ദില്ലി: ജെഎന്‍യുവില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഐസ നേതാവ് കീഴടങ്ങി. ഐസ ദില്ലി ഘടകം മുന്‍ പ്രസിഡന്റായ അന്‍മോള്‍ രത്തനാണ് കീഴടങ്ങിയത്
ജെഎന്‍യുവില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഐസ നേതാവ് കീഴടങ്ങി. ഐസ ദില്ലി ഘടകം മുന്‍ പ്രസിഡന്റായ അന്‍മോള്‍ രത്തനാണ് ഇന്നലെ രാത്രി പത്തു മണിയോടെ അഭിഭാഷകനൊപ്പമെത്തി ദില്ലി പൊലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ രത്തന്‍ ഒളിവിലായിരുന്നു. രത്തനെതിരെ ആരോപണമുന്നയിച്ച പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരായതിന് പിന്നാലെയാണ് രത്തന്‍ പൊലീസില്‍ കീഴടങ്ങിയത്. ഹോസ്റ്റലില്‍ വച്ച് അന്‍മോള്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു സിനിമ കാണാന്‍ ആഗ്രഹമുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ സിനിമ തന്റെ കൈവശമുണ്ടെന്നു പറഞ്ഞാണ് അന്‍മോള്‍ രത്തന്‍ പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇവിടെവെച്ച് രത്തന്‍ നല്‍കിയ ശീതളപാനീയം കുടിച്ച പെണ്‍കുട്ടി മയക്കത്തിലായി. ഈ സമയത്ത് പീഡനത്തിന് വിധേയമായെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ദില്ലി പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് രത്തന്‍ ഒളിവില്‍ പോയത്. എന്നാല്‍ മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് രത്തന്റെ കീഴടങ്ങല്‍.