കോഴിക്കോട്: കൈ ഞരമ്പ് മുറിച്ചു കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു . ബ്ലയിഡ് ഉപയോഗിച്ചു ഞരമ്ബ് മുറിച്ചതെന്നാണ് വിവരം.ജോളിയെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.
ജോളിക്ക് ഒപ്പമുണ്ടായിരുന്ന സഹ തടവുകാരാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. ജയിലിനുള്ളില്‍ ജോളിക്ക് ബ്ലയിഡ് ലഭിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതിക്ക് ബ്ലയിഡ് പോലുള്ള ഒരു ആയുധം ലഭിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ജോളിക്ക് ലഭിച്ചതായാണ് വിലയിരുത്തല്‍.
കോഴിക്കോട് ജില്ലാ ജയിലില്‍ 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാന്‍ ആറ് സെല്ലുകളാണുള്ളത്. 10 കുറ്റവാളികള്‍ മാത്രമേ ഇപ്പോള്‍ ഉള്ളൂ. ഇവരെ രണ്ട് സെല്ലുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ സെല്ലിലാണ് ജോളി. അതില്‍ ജോളി അടക്കം ആറ് പേര്‍. ജയിലില്‍ എത്തിയ നാളുകളില്‍ ആത്മഹത്യാ പ്രവണത കണ്ടതിനെതുടര്‍ന്നാണ് കൂടുതല്‍ പേരുള്ള സെല്ലിലേക്ക് മാറ്റിയത്.
ജയിലില്‍ തൊഴില്‍ പരിശീലനത്തിന് സംവിധാനം ഉണ്ടെങ്കിലും ജോളിക്ക് പരിശീലനം നല്‍കാന്‍ തുടങ്ങിയില്ലെന്നാണ് സൂചന. താമസിയാതെ തൊഴില്‍ പരിശീലനവും നല്‍കിയേക്കും. ജോളിക്കെതിരെ ശാസ്ത്രീയ രീതിയില്‍ തെളിവുകള്‍ ശേഖരിച്ച് പഴുതുകള്‍ അടച്ചുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ പറഞ്ഞിരുന്നു.