കോട്ടയം: കെ.എം. മാണിയുടെ ഓർമ്മകൾ നിറഞ്ഞുനില്‍ക്കുന്ന കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്താണ് നിര്‍ണായകയോഗം ചേര്‍ന്ന് ജോസ് കെ. മാണി സംസ്ഥാനകമ്മിറ്റി യോഗം വിളിക്കാനുള്ള സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാക്കള്‍ കാത്തിരിക്കെ കടന്നുവന്ന ജോസ് കെ. മാണി, അച്ഛന്റെ പേരെഴുതിവെച്ച മുറിയിലേക്കാണ് നേരിട്ടുപോയത്. അച്ഛന്റെ കസേരയില്‍ ഇരുന്നായിരുന്നു അനൗപചാരിക യോഗം.
എം.എല്‍.എ.മാരും നിയുക്ത എം.പി.യും മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. പത്തുമിനിറ്റിനുശേഷം പുറത്തുവന്ന് സംസ്ഥാനകമ്മിറ്റി വിളിക്കുന്ന കാര്യം പ്രഖ്യാപിച്ചു. പിന്നീട്, പാര്‍ട്ടിയുടെ ഒട്ടേറെ പ്രധാന യോഗങ്ങള്‍ക്ക് സാക്ഷിയായ മേല്‍നിലയിലെ മുറിയില്‍ ഉന്നതാധികാരസമിതി യോഗം ചേര്‍ന്നു.
കെ.എം. മാണിയുടെ മരണശേഷം ചെയര്‍മാന്‍സ്ഥാനത്തെച്ചൊല്ലി ശക്തമായ ഭിന്നതയ്ക്കിടെ നിര്‍ണായകയോഗത്തിന് പാര്‍ട്ടി ആസ്ഥാനം തിരഞ്ഞെടുത്തത് ആലോചനയോടെയാണ്. വിമതരല്ല, തങ്ങള്‍ ഒൗദ്യോഗികംതന്നെയാണ് എന്ന ശക്തമായ സൂചന നല്‍കുകയായിരുന്നു ലക്ഷ്യം.
തര്‍ക്കം- ജോസ് കെ. മാണിയുടെ കേരളയാത്ര തന്നെ അറിയിച്ചില്ലെന്ന് ജോസഫിന്റെ ആരോപണം,
മറുപടി – പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. അത് നിരാകരിക്കപ്പെട്ടു. തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയാക്കി.
തിരഞ്ഞെടുപ്പിനുശേഷം ചെയര്‍മാന്‍സ്ഥാനം തര്‍ക്കത്തില്‍. പാര്‍ട്ടിഭരണഘടന പ്രകാരം വര്‍ക്കിങ് ചെയര്‍മാന്‍, ചെയര്‍മാന്റെ സ്ഥാനം വഹിക്കുമെന്ന് ജോസഫ്. സംസ്ഥാനകമ്മിറ്റി വിളിക്കണമെന്നും ഇതില്‍ ചെയര്‍മാനെ കണ്ടെത്തണമെന്നും ജോസ് കെ. മാണി.
സഭാനേതാവായി താത്കാലികമായി ജോസഫ് മാറുന്നു. നേതാവിനെ അറിയിക്കണമെന്ന് സ്പീക്കര്‍.
മധ്യസ്ഥചര്‍ച്ചകള്‍, ഫോര്‍മുലകള്‍. ഒടുവില്‍ സി.എഫ്. തോമസിനെ ചെയര്‍മാനാക്കി ഒത്തുതീര്‍പ്പെന്ന് ജോസഫ്. താന്‍ സഭാനേതാവും വര്‍ക്കിങ് ചെയര്‍മാനും. ജോസ് കെ. മാണി വൈസ് ചെയര്‍മാനുമെന്നും അറിയിച്ചു. പക്ഷേ, ഇതുപറയേണ്ടത് സംസ്ഥാനകമ്മിറ്റിയിലെന്നുപറഞ്ഞ് ജോസ് കെ. മാണി തള്ളുന്നു.