കൊച്ചി: ശരിയായി ഭരിക്കാതിരിക്കാനുള്ള ഭരണാധികാരികളുടെ തന്ത്രമാണ് യുദ്ധമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും കഴുകന്മാരുടെ സദ്യ; ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒളിക്കച്ചവടം എന്ന പുസ്തകത്തിന്റെ രചയിതാവുമായ ജോസി ജോസഫ്. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിച്ച സ്കോളര്‍ ഇന്‍ കാമ്ബസ് പരിപാടിയില്‍ ‘വാച്ച്‌ഡോഗ് ജേണലിസം & ഡെമോക്രസി’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇന്ദിരാഗാന്ധിക്ക് ബംഗ്ലാദേശും വാജ്പേയിക്ക് കാര്‍ഗില്‍ യുദ്ധവും അങ്ങനെയായിരുന്നുവെന്നും ഇന്ത്യയിലെ ബഹുഭൂരിപക്ഷവും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ പക്ഷത്തേക്ക് മാറുന്നത് ഇന്ത്യക്ക് അപകടമാണ്. യുദ്ധത്തെക്കുറിച്ച് ടിവിയിലും ഫേസ്ബുക്കിലും ട്വിറ്ററിലും വരുന്ന അഭിപ്രായങ്ങളല്ല ഇന്ത്യയുടെ സാധാരണക്കാരന്റെ അഭിപ്രായങ്ങള്‍. അവര്‍ക്ക് കഞ്ഞികുടിച്ച് സമാധാനമായി കഴിയണമെന്ന ആഗ്രഹമാണുള്ളതെന്ന് മാധ്യമവിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ ജോസി ജോസഫ് ചൂണ്ടിക്കാട്ടി.ഇന്ത്യ പാകിസ്ഥാനുമായി യുദ്ധം ചെയ്യുന്നതിന് അമേരിക്ക പച്ചക്കൊടി കാണിക്കും എന്നു പറയാനാവില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ 550 പട്ടാളക്കാരാണ് മരിച്ചത്. ശക്തമായ തിരിച്ചടി നല്‍കേണ്ട സമയത്ത് അത് ചെയ്തില്ല. ശക്തി കാണിക്കാന്‍ കിട്ടിയ അവസരം ഉപയോഗിക്കാതെ ഇന്ത്യ വിട്ടുകളഞ്ഞു. അകലങ്ങളിലുള്ള അമേരിക്കയെ മിത്രമാക്കുന്നതിനേക്കാള്‍ അയല്‍പക്കത്തുള്ള ചൈനയെ ശത്രുവാക്കുന്നത് ഇന്ത്യക്ക് ദോഷം ചെയ്യും. അമേരിക്കന്‍ ക്യാമ്ബിലേക്ക് ഇന്ത്യ പൂര്‍ണമായും നീങ്ങുന്നത് ആസൂത്രണമില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.