ബംഗളുരു: കൊല്ലം കളക്ടറേറ്റ്, മലപ്പുറം കോടതി വളപ്പ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് എൻഐഎ അറസ്റ്റ് ചെയ്ത അഞ്ച് പേരെ ഈ മാസം 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളിൽ ഒരാളായ അബ്ബാസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനും കോടതി അനുമതി നൽകി. പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കൊല്ലം കളക്ടറേറ്റ്, മലപ്പുറം കോടതി വളപ്പ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് പേരെയും അന്വേഷണ സംഘം ബംഗളുരു എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്. അഞ്ചു പേരെയും ഈ മാസം ഇരുപത്തിരണ്ട് വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.. നേരത്തെ കോടതിയിൽ ഹാജരാക്കിയപ്പോൾ കേസുമായി ബന്ധപ്പെട്ട സത്യങ്ങളെല്ലാം തുറന്നുപറയണമെന്ന് പ്രതികളിലൊരാളായ അബ്ബാസ് അലി ജഡ്ജിയെ അറിയിച്ചിരുന്നു.. ഇതനുസരിച്ച് മജിസ്ട്രേറ്റിന് മുന്പാകെ അബ്ബാസിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി എൻഐഎക്ക് അനുമതി നൽകി. അഞ്ചു പേരിൽ നിന്നായി പിടികൂടിയ മൊബൈൽ ഫോണുകൾ, കംപ്യൂട്ടർ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളവ എൻഐഎ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നാൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് എൻഐഎ സംഘത്തിന്റെ തീരുമാനം. പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും ശാസ്ത്രീയ പരിശോധനകളുടെ കൂടി അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ വേണ്ടിവരുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അഞ്ചു പ്രതികളേയും കസ്റ്റഡിയിൽ വാങ്ങുന്നതിനായി മലപ്പുറം പൊലീസും ബംഗളുരുവിലെത്തിയിരുന്നു.