ദില്ലി: റോബര്‍ട്ട് വാധ്ര ഹരിയാനയിലെ ഗുഡ്ഗാവില്‍ നടത്തിയ ഭൂമി ഇടപാടിലൂടെ 50 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് ജുഡീഷ്യല്‍ അന്വേഷണത്തില്‍ കണ്ടെത്തി. പ്രിയങ്കാഗാന്ധി ഫരീദാബാദില്‍ ഭൂമി വാങ്ങിയതും കമ്മീഷന്‍ പരിശോധിച്ചു. റോബര്‍ട്ട് വാധ്രയുടെ കമ്പനിയില്‍ നിന്ന് ഒരു രൂപയും വാങ്ങിയില്ലെന്നും ഭൂമി ഇടപാട് സ്വന്തം പണമുപയോഗിച്ചാണെന്നും പ്രിയങ്ക വിശദീകരിച്ചു.
ഹരിയാനയിലെ ഭൂമി ഇടപാട് വീണ്ടും കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന കുടുംബത്തിന് തിരിച്ചടിയാകുന്നത്. 2008ല്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ റോബര്‍ട്ട് വാധ്ര വാങ്ങിയ ശേഷം ഡിഎല്‍എഫിന് മറിച്ചു വിറ്റ ഭൂമിയെക്കുറിച്ച് ജസ്റ്റിസ് എസ്എന്‍ ധിംഗ്ര കമ്മീഷന്‍ അന്വേഷിച്ചത്. കൃഷിഭൂമി വാങ്ങിയ ശേഷം വാണിജ്യ ഉപയോഗത്തിന് ലൈസന്‍സ് കിട്ടാന്‍ പലരും വഴിവിട്ട് സഹായിച്ചെന്നും ചട്ടങ്ങളില്‍ ഇളവു നല്കിയെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ഒരു രൂപ പോലും മുടക്കാതെ വാധ്ര 50 കോടി രൂപയുണ്ടാക്കി എന്ന റിപ്പോര്‍ട്ട് കമ്മീഷന്‍ സീല്‍ ചെയ്ത കവറില്‍ സുപ്രീം കോടതിക്ക് കൈമാറിയതായി ഇക്കണോമിക് ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.