ജുനൈദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ പ്രതിഷേധം

231

ന്യൂഡല്‍ഹി: ജുനൈദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ പ്രതിഷേധം. സാമൂഹിക രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവര്‍ ജന്തര്‍മന്തറില്‍ പ്രതിഷേധ കൂട്ടയ്മയില്‍ പങ്കെടുത്തു. മതത്തിന്റെ പേരിലും പശുവിന്റെ പേരിലും ആളുകള്‍ മര്‍ദ്ദനത്തിന് ഇരയാകുന്ന സാഹചര്യത്തിലാണ് ഡല്‍ഹി ജന്തര്‍മന്തറിലെ ഒത്തുകൂടല്‍. നോട്ട് ഇന്‍ മൈ നെയിം (എന്റെ പേരില്‍ വേണ്ട) എന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്. ഡല്‍ഹി,അലഹാബാദ്, മുംബൈ, തിരുവനന്തപുരം, കൊല്‍ക്കത്ത, ബെംഗളൂരു, ലഖ്നൗ തുടങ്ങി 10 നഗരങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരായ ആക്രമണങ്ങള്‍ക്കെതിരെ നോട്ട് ഇന്‍ മൈ നെയിം പ്രതിഷേധം നടന്നു. സാമൂഹ്യമാധ്യമങ്ങളിലും വന്‍ പിന്തുണയാണ് പ്രതിഷേധങ്ങള്‍ക്ക് ലഭിക്കുന്നത്.

ഡല്‍ഹി-മഥുര ട്രെയിനില്‍വെച്ചായിരുന്നു ജുനൈദിനും സഹോദരങ്ങള്‍ക്കും നേരേ ഒരുസംഘം ആളുകള്‍ അക്രമം നടത്തിയത്. ഇവരെ മര്‍ദിച്ചവശരാക്കിയ ശേഷം അസാവതി റെയില്‍വേ സ്റ്റേഷനില്‍ അവരെ പുറത്തേക്ക് എറിയുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ജുനൈദ് അധികം താമസിക്കാതെ മരണത്തിന് കീഴടങ്ങി. സംഭവം വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയത്. ഇതാണ് ഇപ്പോള്‍ നോട്ട് ഇന്‍മൈ നെയിം പ്രതിഷേധത്തിന് വഴിതെളിച്ചത്. നിങ്ങള്‍ മുസ്ലിങ്ങളാണ്, ദേശവിരുദ്ധരാണ്, പാകിസ്താനികളാണ്, ബീഫ് കഴിക്കുന്നവരാണ് എന്നൊക്കെ പറഞ്ഞായിരുന്നു മര്‍ദനമെന്ന് ജുനൈദിനൊപ്പം ട്രെയിനില്‍ സഞ്ചരിച്ച സഹോദരന്‍ ഹാഷിം വെളിപ്പെടുത്തിയിരുന്നു. ഈദ് ഷോപ്പിങ് കഴിഞ്ഞ് തിരികെ വരുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

NO COMMENTS