കൊല്ലം∙ കൊല്ലം ∙ എം.മുകേഷ് എംഎൽഎയെ കാണാനില്ലെന്ന യൂത്ത് കോൺഗ്രസിന്റെ പരാതി സ്വീകരിച്ച എസ്ഐക്കെതിരെ നടപടിക്ക് ശുപാർശ.എസ്ഐ എൻ.ഗിരീഷിനെ സ്ഥലം മാറ്റിയേക്കും. സ്പെഷൽ ബ്രാഞ്ച് അസി.കമ്മിഷണർ റെക്സ് ബോബി അർവിനാണ് നടപടിക്ക് ശുപാർശ ചെയ്തത്.
വ്യക്തിഹത്യ നടത്തുന്നതിനുള്ള രാഷ്ട്രീയ നീക്കമാണ് യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് നടന്നതെന്ന് കാണിച്ച് സിപിഎം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷൽ ബ്രാഞ്ചിന് നിർദേശം നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എംഎൽഎയെ കാണാനില്ലെന്ന പരാതി രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് മനസിലാക്കേണ്ടിയിരുന്നു. അല്ലാതെ കാണാനില്ലെന്ന പരാതി സ്വീകരിച്ച് രസീത് നൽകിയത് ശരിയായില്ലെന്നാണ് വിലയിരുത്തൽ.
കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയാണ് വെസ്റ്റ് എസ്‌ഐക്ക് പരാതി നല്‍കിയത്. പണക്കാരുടെ ഇടയില്‍ മാത്രമാവും മുകേഷിനെ കാണുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി വിഷ്ണു സുനില്‍ പറഞ്ഞു. പ്രകൃതിക്ഷോഭങ്ങള്‍ മൂലം കൊല്ലത്തിന്റെ തീരദേശ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും എംഎല്‍എയെ കാണാനോ പരാതി പറയാനോ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും വിഷ്ണു പറഞ്ഞിരുന്നു.